എന്റെ കുട്ടിക്കാലത്തു, (1970-79)ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും
10 കിലോമീറ്റർ അകലെയുള്ള സിനിമാ തിയേറ്ററുകളിൽ നിന്നും പുതിയ സിനിമയുടെ അറിയിപ്പുമായി നോട്ടീസ് വണ്ടികൾ എത്തുമായിരുന്നു.
പട്ടണത്തിൽ നാല് സിനിമാ കൊട്ടകകൾ ആണ് അന്ന് ഉണ്ടായിരുന്നത്. അപ്സര, പോപ്പുലർ, കോഹിനൂർ, ന്യൂ- തിയേറ്റർ എന്നിവ. കോഹിനൂർ ഇടക്ക് പേര് മാറ്റി അമൃത തീയേറ്റർ ആയി.
സിനിമ മാറുന്ന വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് എല്ലാ തീയേറ്ററുകളിൽ നിന്നും പുതിയ സിനിമയുടെ അറിയിപ്പുമായി നോട്ടീസ് വണ്ടികൾ എത്തിയിരുന്നത്.
സ്കൂൾ വേനൽ അവധിക്കാലത്തും, വെള്ളിയാഴ്ച അവധിയുള്ളപ്പോഴും മാത്രമായിരുന്നു കുട്ടിയായ എനിക്ക് നോട്ടീസ് വണ്ടികൾ കാണാൻ കഴിയുക.
അംബാസെഡർ കാറിന്റെ പിന്നിലെ ഡിക്കി തുറന്നു വെച്ച് അതിൽ ഒരു ശബ്ദമുണ്ടാക്കുന്ന ജനറേറ്ററും, കാറിനുമുകളിൽ കോളാമ്പി മൈക്കും ഉണ്ടാകും.
ഉള്ളിൽ ഡ്രൈവർ കൂടാതെ മൈക്കിൽ അനൗൺസ് ചെയ്യുന്ന ആളും, നോട്ടീസ് കൊടുക്കുന്ന ഒരാളും ഉണ്ടാകും. വാഹനം വളരെ സാവധാനമാകും ഓടിക്കുക.
അവധിക്കാലത്തു കുട്ടികൾ” ഒരു നോട്ടീസ് ” എന്ന് വിളിച്ചു കാറിന് പിന്നാലെ ഓടുമായിരുന്നു. കുട്ടികൾക്ക് ഇടക്ക് മാത്രം ഓരോ നോട്ടീസ് കൊടുക്കും.ചിലർ കുറെ ദൂരം കാറിന്റെ പിറകെ ഓടി, നോട്ടീസ് കിട്ടാതെ നിരാശരായി മടങ്ങും
മുതിർന്നവർക്ക് നോട്ടിസ് അവരുടെ കയ്യിൽ കൊടുക്കും. നോട്ടീസ് പറക്കാതിരിക്കാൻ ചുരുട്ടി എറിഞ്ഞും കൊടുക്കും.
ആകർഷകമായ വാചകങ്ങളിൽ ഉള്ള അനൗൺസ്‌മെന്റ് കേൾക്കാൻ നല്ല രസമായിരുന്നു. “അപ്സര തിയേറ്ററിന്റെ വെള്ളിപൂശിയ വെള്ളിത്തിരയിൽ, നാളെമുതൽ നീലാ പ്രൊഡക്ഷൻസിന്റെ ഈസ്റ്റ്മെൻ കളർചിത്രം … “കാട്”
“ചെണ്ടയുടെ താളമേളങ്ങളിൽ വിൻസെന്റ് ഒരുക്കുന്ന
ഇന്ദ്രജാലം. “ചെണ്ട”. മധു, ശ്രീവിദ്യ, സുകുമാരി, സുധീർ എന്നിവർ മുഖ്യ റോളിൽ അഭിനയിച്ച ചെണ്ട”.
“നാളെമുതൽ പോപ്പുലർ തിയേറ്ററിൽ….” എന്നിങ്ങനെപോകും അനൗൺസ് മെന്റ്.
സിനിമ നോട്ടീസുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരാകർഷണം ആയിരുന്നു. ചിലർ അവ സൂക്ഷിച്ച് വെക്കുമായിരുന്നു. സിനിമയിലെ നടീനടന്മാരുടെ പേരും, ഫോട്ടോയും നോട്ടിസിൽ ഉണ്ടാകും. കഥയുടെ ചുരുക്കം നോട്ടീസിൽ നൽകും.
പിന്നെ “ശേഷം സ്‌ക്രീനിൽ”, “ശേഷം വെള്ളിത്തിരയിൽ” എന്നും…
ഒരാഴ്ച പിന്നിടുമ്പോൾ “വിജയകരമായി രണ്ടാം വാരം,”
“ജനപ്രിയ മൂന്നാം വാരം..” എന്നിങ്ങനെ പത്ര പരസ്യവും, നോട്ടീസ് വണ്ടി അനൗൺസ് മെന്റും വരുമായിരുന്നു.
അന്നൊക്കെ ആദ്യഘട്ടത്തിൽ ഒരേസമയം പന്ത്രണ്ട് തിയേറ്ററുകളിലാണ് സിനിമാ റിലീസ് ചെയ്യുക.
“കേരളത്തിലെ 12 പ്രമുഖ കേന്ദ്രങ്ങളോടൊപ്പം
അപ്സരാ തിയേറ്ററിലും പ്രദർശനത്തിന് ” എന്ന് നോട്ടിസിൽ പറയും…
ന്യൂ തിയേറ്ററിൽ ഉദയായുടെ “ആരോമലുണ്ണി”യും (1972),ന്യൂ തിയേറ്ററിലും, എവർ ഷൈൻ പ്രൊഡക്ഷൻസിന്റെ “ബ്രഹ്മചാരി”
(1972) പോപ്പുലറിലും ആറാം വാരം ആഘോഷിച്ചത് ഓർക്കുന്നു.
പ്രേംനസീറിന്റെ പടമുള്ള വലിയ പോസ്റ്ററുകൾ വെച്ച് അലങ്കരിച്ച ലോറിയിൽ ബ്രഹ്മചാരി സിനിമയുടെ പരസ്യവണ്ടി വന്നത് ഓർമ്മയുണ്ട്. മാറ്റിനി (2.45 pm), ഫസ്റ്റ് ഷോ (6pm), സെക്കന്റ് ഷോ (9pm) എന്നിവ ആയിരുന്നു പതിവ് ഷോകൾ.
ആന്നൊക്കെ നാട്ടിൽ രാത്രിയിൽ സഞ്ചരിക്കുന്നവരെ പോലീസ് പിടിച്ചു് ചോദ്യം ചെയ്യുക പതിവായിരുന്നു.. അതുകൊണ്ട് സെക്കന്റ് ഷോ കഴിഞ്ഞു നടന്നും, സൈക്കിളിലും മടങ്ങുന്നവർ ടിക്കറ്റിന്റെ പാതി ഭാഗം, തെളിവായി കയ്യിൽ സൂക്ഷി ക്കുമായിരുന്നു. സെക്കന്റ് ഷോ കാണുവാൻ സ്ത്രീകളും, കുടുംബങ്ങളും പോകാറില്ലായിരുന്നു.
സിനിമാ നിർമ്മാണക്കമ്പനിയായ ഉദയ സ്റ്റുഡിയോയുടെ തിയേറ്റർ ആയിരുന്നു ന്യൂ തിയേറ്റർ. അതിനാൽ അവിടെയായിരുന്നു ഉദയായുടെ ആരോമലുണ്ണി ഉൾപ്പെടെയുള്ള ഉദയാ സിനിമകൾ പ്രദർശനത്തിന് വന്നിരുന്നത്.
ന്യൂതിയേറ്റർ, പേരിൽ നിന്നും വ്യത്യസ്ഥമായി ഒരു ഓലപ്പുരയായിരുന്നു. ഉള്ളിൽ ധാരാളം മരത്തൂണുകൾകൾ. അപ്സര, പോപ്പുലർ, അമൃത ഒക്കെ കോൺക്രീറ്റ് കെട്ടിടങ്ങളും.
പിൽക്കാലത്തു അവ a/c ആക്കി.
സിനിമയുടെ പോസ്റ്റർ ഒട്ടിക്കുന്നതും രസകരമായ കാഴ്ച ആയിരുന്നു. മിക്കവാറും പുതിയ സിനിമ മാറുന്നതിനുമുൻ പ്
വ്യാഴാഴ്ച എല്ലാ തിയേറ്ററുകളിൽ നിന്നും പോസ്റ്റർ ഒട്ടിക്കുന്നയാൾ സൈക്കിളിൽ എത്തും. ഒരു വലിയ ബക്കറ്റിൽ ഏതോ പശ കലക്കി സൈക്കിളിൽ കെട്ടി വെച്ചിരിക്കും.
അതോടൊപ്പം പ്രിന്റ് ചെയ്ത പോസ്റ്ററുകളും ഉണ്ടാകും.
ഓരോ തിയേറ്ററുകാർക്കും ഗ്രാമത്തിന്റെ ജംഗ്ഷനിൽ സ്ഥിരം ഭിത്തികൾ ഉണ്ട്.മുൻപ് ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിക്കളഞ്ഞ്, അതിന്റെ പുറത്ത് പുതിയത് ഒട്ടിക്കും. വലിയ പോസ്റ്ററുകൾ പല ചെറിയ കഷണങ്ങൾ ചേർത്താണ് ഒട്ടിക്കുക.
പല ചെറിയ തുണ്ടുകൾ ചേർന്നു താരങ്ങളുടെ മുഖം വരുന്നതും, സിനിമയുടെ പേര് തെളിയുന്നതും കാണാൻ കുട്ടികളും മുതിർന്നവരും നോക്കി നിൽക്കും. ഗ്രാമ മുക്കിലുള്ള ചില കടയുടമകൾ തിയേറ്ററുകളുടെ പോസ്റ്റർ ബോർഡ് സ്വന്തമായി വെച്ചിരിക്കും. അതിലും പോസ്റ്റർ ഒട്ടിക്കും. അവർക്കു സൗജന്യ ടിക്കറ്റ് കിട്ടുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
കഴിഞ്ഞ 50 വർഷങ്ങൾ ക്കിടയിൽ TVപ്രക്ഷേപണം,വീഡിയോ കാസറ്റ്, സിഡി, OTTതുടങ്ങിയ സാങ്കേതിക വികസനങ്ങൾ,
സിനിമ കാണുന്ന വേദി തിയേറ്റർ മാത്രമല്ലാതാക്കി. 2020 മുതൽ മൾട്ടിപ്ലക്സ് തിയേറ്ററുകളിലൂടെ ആധുനിക ആഡംബര തീയേറ്ററുകൾ വന്നുവെങ്കിലും, ആ പഴയ ‘സിനിമാ കൊട്ടക’ സംസ്കാരം നൽകിയ ആവേശം വ്യത്യസ്ഥമാണ്.
വാൾ പോസ്റ്ററുകൾ ഇപ്പോഴും ചെറിയതോതിൽ ഒട്ടിക്കാറുണ്ട്.
എങ്കിലും ഒരു കാലഘട്ടത്തിൽ നമ്മുടെ സാംസ്‌കാരിക പ്രതീകങ്ങളായിരുന്ന സിനിമാനോട്ടീസും, അനൗൺസ്മെന്റും സിനിമ പാട്ടുപുസ്തകങ്ങളും ചരിത്രമായി മാറി.
