ഗ്രാമത്തിൽ 1960-കളിൽ ആധുനികവൈദ്യത്തിൽ ആശുപത്രികളോ ഡോക്ടർന്മാരോ ഉണ്ടായിരുന്നില്ല. കിലോമീറ്ററുകൾ അകലെ പട്ടണത്തിലുള്ള സർക്കാർ ആശുപത്രിയിൽ പോകണമെങ്കിൽ യാത്ര സൗകര്യം കുറവുമായിരുന്നു. നായകടി, സർപ്പദംശനം ഒക്കെ നാട്ടിൽ പതിവുമായിരുന്നു.
അത്തരം അത്യാവശ്യ ഘട്ടങ്ങളിൽ ഗ്രാമത്തിൽ ലഭ്യമായ സദാനന്ദന്റെ ടാക്സീക്കാർ വിളിച്ചു നാട്ടുകാർ പട്ടണത്തിലെ ആശുപത്രിയിൽ പോയിരുന്നു.
നാട്ടിൽ പേരെടുത്ത നാട്ടു വൈദ്യൻമാർ ഉണ്ടായിരുന്നു. കുട്ടിവൈദ്യർ അറിയപ്പെടുന്ന വിഷ വൈദ്യനായിരുന്നു.
വൈദ്യർ രക്ഷപ്പെട്ടുത്തിയ കഥകൾ, നാട്ടുകാർ ആവേശത്തോടെ പറഞ്ഞുനടന്നു. വൈദ്യർ തോറ്റ കഥകൾ ആരും പറഞ്ഞില്ല അത്, വിധിഹിതമായി ആശ്വസിച്ചു.
കുട്ടിവൈദ്യർ നാട്ടിൽ ഒരു പച്ച മരുന്ന് കടയും ഔഷധശാലയും നടത്തിയിരുന്നു. അടുത്ത ഗ്രാമത്തിലെ പാലാക്കണിയാനും ആലപ്പുഴ വൈദ്യനും പേരുകേട്ടവരായിരുന്നു.സ്ത്രീകൾ പ്രസവത്തിനായി ആശുപത്രികളിൽ പോയിത്തുടങ്ങിയിരുന്നു.
അക്കാലത്തു് പട്ടണത്തിൽ നിന്നുമെത്തിയ ഭാസ്കരൻ നായരും ഭാര്യയും ഗ്രാമത്തിലെത്തി ഒരു ഡിസ്‌പെൻസറി തുടങ്ങിയത് ഗ്രാമത്തിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കി.
നാപ്പത്തിയഞ്ചു-അമ്പതു വയസ്സ് പ്രായമുള്ള ദമ്പതികൾ കുട്ടികളുമൊന്നിച്ചു ഗ്രാമത്തിൽ താമസമാക്കി.
പട്ടണത്തിൽ ഏതോ ഡോക്ടറുടെ സഹായി ആയി നിന്നുള്ള പരിചയം മാത്രമേ ഭാസ്കരൻ നായർക്കുണ്ടായിരുന്നുള്ളൂ.എങ്കിലും ഗ്രാമത്തിൽ ഭാസ്കരൻ നായർ “ഡോക്ടർ സാർ” ആയി മാറി.ഭാര്യ നാട്ടുകാരുടെ “ചേച്ചി”യും.
സരസമായി സംസാരിച്ച്, ആശ്വാസവാക്കുകൾ പകർന്ന അദ്ദേഹം വൃത്തിബോധം പഠിപ്പിച്ചു,കുട്ടികൾക്ക് വിര മരുന്ന് കൊടുത്തു, ചെറിയ മുറിവുകൾ തുന്നിക്കെട്ടി.
നാട്ടുകാരുടെ പനിയും ചുമയും കുട്ടികളുടെ ചൊറിയും കരപ്പനും ഒക്കെ പെട്ടെന്ന് ശമിപ്പിച്ചു പേരെടുത്തു.
കുട്ടിവൈദ്യന് പ്രായമായിത്തുടങ്ങിയിരുന്നു, മെല്ലെമെല്ലെ കൂടുതൽ നാട്ടുകാർ ഡോക്ടർ സാറിലേക്കു ചികിത്സ മാറ്റിത്തുടങ്ങി.
നാട്ടിലെ പഠിപ്പുള്ള ചില അദ്ധ്യാപകർ ഡോക്ടർ സാറിനെ പ്രവർത്തനത്തെ പ്രശംസിച്ചു സംസാരിച്ചത്,ഡോക്ടർ സാറിന്റ്റെ ജനകീയ അംഗീകാരം വർധിപ്പിച്ചു., മിതമായ പ്രതിഫലം വാങ്ങി ചികിൽസ നൽകിയ “ഡോക്ടർ സാറിന്റെ ഡിസ്‌പെൻസറി” ആ ഗ്രാമത്തിന്റെ പ്രാഥമിക ആതുരാലയമായി മാറി.
ഡോക്ടർസാറിന്റെ കൈപ്പുണ്യം നാട്ടുകാർക്ക് സുഖമേകി. തൊട്ടടുത്ത ഗ്രാമത്തിൽ നിന്നും ആളുകൾ ഡോക്ടർ സാറിനെ തേടിയെത്തി.
അദ്ദേഹം വീട്ടിൽ നായ്ക്കളെ വളർത്തിയിരുന്നു. സംസാരിക്കുന്ന തത്തയേയും കുറച്ചുകാലം ഒരു കുരങ്ങിനെയും ഡിസ്‌പെൻസറി പരിസരത്തു കൊണ്ട് വന്നിരുന്നത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കൗതുകമായി.
ഗ്രാമത്തിൽ പനിയും ചുമയും ഛർദ്ദിയുമൊക്കെ പടരുമ്പോൾ ഡോക്ടർ സാറിനെ ചിലർ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
രാത്രികാലങ്ങളിൽ പോലും, ഇരുട്ട് വീണ ഗ്രാമവഴികളിൽ, വലിയ ടോർച്ചു തെളിച്ചു മരുന്ന് ബാഗുമായി ഡോക്ടർ സാർ രോഗികളെ കാണാൻ പോയി. .
പിൽക്കാലത്തു തൊട്ടടുത്ത ഗ്രാമത്തിൽ സർക്കാർ ഡിസ്‌പെൻസറി തുടങ്ങി, ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേക്കു ബസ് സർവിസുകൾ വന്നു.
നാട്ടിലും ചെറിയ പ്രൈവറ്റ് ഹോസ്പിറ്റൽ തുടങ്ങി. ഘട്ടം ഘട്ടമായി ഡോക്ടർ സാർ അപ്രസക്തനായി. ഒരു കാലഘട്ടം തന്നിലർപ്പിച്ച ദൗത്യം പൂർത്തീകരിച്ചു അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങി.
ഷർട്ടിന്റെ മുകളിലത്തെ ബട്ടന്സുകള്ഴിച്ചിട്ട് , കുടവയറുമായി, എപ്പോഴും പ്രസന്ന വദനനായി നടക്കുന്ന ഡോക്ടർ സാറിന്റെ ചിത്രം ഓർമ്മകളിൽ അടയാളപ്പെട്ടു കിടക്കുന്നു.

Leave a Reply