മഴയാനന്ദം

പുറത്ത് മഴ കനക്കുന്നു…

പെരുമഴയിൽ കുളിച്ചു തിമിർത്ത ഒരു ബാല്യം ഓർമ്മയിലുണ്ട്. മുറ്റത്തു കെട്ടി നിൽക്കുന്ന വെള്ളത്തിൽ, അക്കാലത്തെ എല്ലാ കുട്ടികളെപ്പോലെ ഞാനും കടലാസ് തോണി ഒഴുക്കിയിട്ടുണ്ട്.

 

ഇരുട്ട് മൂടിയ, വഴിത്താരകളിൽ,ആരോ വിളക്ക് തെളിച്ചത് പോലെ, മിന്നൽ വെളിച്ചമായി അനുഭവിച്ചിട്ടുണ്ട്.

മഴയിലാകെ നനഞ്ഞും, കുളിർന്നും…..പനിച്ചും, പൊറുത്തും വളർന്ന വഴിയിൽ, മഴ മനസ്സിൽ പടർന്നു നിറഞ്ഞിരുന്നു…

ലോകം ഒന്നാകെ പൊട്ടിത്തെറിക്കും പോലെ വന്ന ഇടി മിന്നൽ വേളയിൽ, അച്ഛൻ എന്നെയും ചേട്ടനെയും ചേർത്തു പിടിച്ചത്  ഓർമ്മയുണ്ട്. ആ രക്ഷാകവചം, ഇന്നും ഒരാത്മ ബലം.മകൻ മഴ നനയരുതെന്നോതി , അമ്മ കുടയായി എന്നും ഒപ്പമുണ്ട്.

 ജീവിതവഴിയിൽ 

മഴ ചിലപ്പോൾ സ്നേഹ സ്പർശം ,ചിലപ്പോൾ, അസ്വസ്തത.

ഞാനും “മിനി”യും ഒന്നിച്ച് നനഞ്ഞ മഴകളേറെ. പ്രണയമായ്‌,പരിഭവമായ് ,പരാതിയായ് ; അലിഞ്ഞിണങ്ങിയും,പിണങ്ങിപ്പൊറുത്തും അന്യോന്യം  പെയ്തു നിറയുന്ന മഴയഴക്.

കുട്ടികളെ റെയിൻ കോട്ടിൽ പൊതിഞ്ഞു നടത്തിയ സ്കൂട്ടർ യാത്രകൾ…നനച്ചിട്ടതുണികൾ നനയുമെന്നോർത്തു , മഴ വീഴും മുൻപേ  വീട്ടിലെത്താൻ,  മഴ മേഘങ്ങളോട് മത്സരിച്ചു് ജയിച്ചും, ചിലപ്പോൾ തോറ്റുനനഞ്ഞും അതി വേഗത്തിൽ വീട്ടിലേക്കു സ്കൂട്ടറോടിച്ചതും; ഒരു മഴക്കൂരയായി,വീടുവെക്കാൻ , “ജനൽ റീപ്പെർ” കെട്ട് സ്കൂട്ടറിൽ വെച്ച് പെരുമഴയിൽ  നനഞ്ഞതും ജീവിത യാത്ര.

ഉള്ളുനിറച്ചു പെയ്യുന്ന സൗഹൃദ മഴകൾ എന്നും വിസ്മയമായ് … തോർന്നിട്ടും,തോർന്നിട്ടും തോരാതെ പെയ്യുന്നു. 

മഴ ചിലപ്പോൾ ഉള്ളാകെ കുളിർപ്പിച്ചു. ചിലപ്പോൾ മഴ എരിതീ പോലെ പൊള്ളിച്ചു..

ജീവിത വഴിയിൽ നനഞ്ഞും നനയാതെയും, യാത്ര തുടരുന്നു.ഞാനൊഴുക്കിയ കടലാസ് തോണി,പെരുമഴകളിൽ ഉലഞ്ഞുലഞ്ഞ്,   മുന്നോട്ട്…….

മഴ എന്നിലേക്കും, ഞാൻ മഴയിലേക്കും പെയ്തു നിറയുമ്പോൾ,…

എന്നുള്ളിൽ മഴയാനന്ദം .

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top