​ആകാശത്തിലേക്ക്‌ ചാരി വെച്ച ഏണി

സൂര്യനുദിക്കുന്നത് വീട്ടിൽ ദൂരെ  കാണുന്ന ഉമിക്കുന്നിന്റെ മുകളിൽ നിന്നാണെന്നും, കുന്നുകൾക്കും മുകളിൽ ആകാശത്ത് മേഘമലകൾക്കപ്പുറമാണ് ദൈവങ്ങൾ താമസിക്കുന്നെന്നും വല്യമ്മച്ചി പറയും. എട്ടു വയസ്സുകാരൻ അതെല്ലാം വിസ്മയത്തോടെ കേട്ടിരിക്കും.

വീട്ടിൽ നിന്നും ഒരു താഴ്‌വാരത്തിലേക്കിറങ്ങി, ഒരു വലിയ നെൽപ്പാടം പിന്നിട്ട്, മറ്റൊരു കുന്നുകയറിയാൽ ഉമിക്കുന്ന്. പാണ്ഡവന്മാർ ഉമികൂട്ടി ഉണ്ടാക്കിയ കുന്നാണത്രേ അത്.

കുന്നിന്റെ വിശാലമായ ചരിവുകളിൽ റബ്ബർതോട്ടമായിരുന്നു. റബ്ബറിന് മരുന്ന് തളിക്കാൻ എത്തുന്ന ഹെലികോപ്റ്റർ, അങ്ങ് ദൂരെ , ഒരു തുമ്പി യെപ്പോലെ പറന്നു.

​ആ മലകളുടെ താഴ്‌വാരത്തിൽ അച്ഛന് കൃഷി ഭൂമി ഉണ്ടായിരുന്നു.അച്ഛനോടൊപ്പം അവിടെ പോയിത്തുടങ്ങിയത് രസകരമായി. അവിടെക്ക് എത്തുവാൻ പ്രധാനമായും മൂന്നു നാട്ടു പാതകൾ ഉണ്ടായിരുന്നു.

രണ്ടെണ്ണം താഴ്‌വാരത്തിലേക്കിറങ്ങി പാടശേഖരം പിന്നിട്ടുള്ളതും; മൂന്നാമതൊരെണ്ണം താഴ്‌വാരത്തിലിറങ്ങാതെ, പൂഴിമണ്ണു നിറഞ്ഞ നാട്ടുവഴി ചുറ്റിക്കറങ്ങിയുള്ളതും. 

മടക്കുകളായി കിടക്കുന്ന, ഭൂമിയിൽ കപ്പക്കൃഷിയാണ്   ചെയ്തിരുന്നത്. തൊട്ടടുത്തു ചില സമ്പന്നരുടെ വലിയ റബ്ബർ തോട്ടങ്ങളു മുണ്ടായിരുന്നു. ​ആ ഭൂമിയിൽ ഒരു ഭാഗത്ത്‌ കുറയേറെ തെങ്ങുകളും  പ്ലാവുകളും ഉണ്ടായിരുന്നു. 

തേങ്ങയിടുന്നത് വെളുപ്പൻ വേടൻ എന്ന തെങ്ങു കയറ്റക്കാരൻ ആയിരുന്നു. ഒട്ടേറെ കുടുംബങ്ങളിലെ തെങ്ങുകയറ്റക്കാരനായിരുന്നതിനാൽ, വെളുപ്പന് എപ്പോഴും ജോലി ഉണ്ടായിരുന്നു. മരം വെട്ടു ജോലികളും അയാൾ ചെയ്തിരുന്നു. .

ശനിയാഴ്ച  നാട്ടിലെ ചന്ത ദിവസം, കൂലിയായി എടുക്കുന്ന തേങ്ങ വിൽക്കാൻ വെളുപ്പൻ ചന്തപ്പറമ്പിൽ എത്തും. അപ്പോൾ പറഞ്ഞു വെച്ചിട്ട് ചെല്ലണം. അല്ലെങ്കിൽ അതിരാവിലെ ചെന്നാലേ വെളുപ്പനെ ജോലിക്കുകിട്ടുകയുള്ളൂ. 

തേങ്ങയിടാൻ വെളുപ്പനെ അച്ഛൻ ഏർപ്പാടാക്കും.

പിന്നെ കുട്ടിയായ ഞാൻ വെളുപ്പനെ വീട്ടിച്ചെന്നു വിളിച്ചുകൊണ്ടു പോകും.തേങ്ങ ഇട്ട് തീരുമ്പോഴേക്കും അച്ഛൻ എത്തും. അൽപ്പം ഉള്ളിലായിരുന്നു വെളുപ്പന്റെ വീട്. ഇടവഴിയിലൂടെ നടന്ന്, ചില മൺതിട്ടയിലൂടെ കയറി, ഇടുങ്ങിയ നടപ്പാതയിലൂടെ വേണം ആ ഓലപ്പുരയിലെത്താൻ. 

വീടിന്റെ പിൻവശത്താണ് നടപ്പാത എത്തുന്നത്. വീടിന്റെ പിന്നിലെ ഉത്തരത്തിൽ ഏതാനും ഏണികൾ കെട്ടി തൂക്കിയിരിക്കും.

മരം വെട്ടുന്നതിനുള്ള വണ്ണമുള്ള കയറും ചുറ്റി വെച്ചിട്ടുള്ളത് കാണാം.

എന്റെ ഓർമ്മയിൽ വെളുപ്പന് അറുപതു വയസ്സ് പ്രായമുണ്ടായിരുന്നു. തലയിൽ മുടി തീരെ കുറഞ്ഞു മൊട്ടത്തലപോലെ.

അൽപ്പം കൂനുള്ള ശരീരം. ഇറക്കം കുറഞ്ഞ കൈലി മുണ്ട്. തലയിൽ തെങ്ങിൽ കേറാൻ വേണ്ടിയുള്ള ഒരു തെങ്ങോലമടൽപൊളി കൊണ്ടുള്ള വളയം. വലിയ നീളമുള്ള മുളയേണി. കാലിൽ തെങ്ങു കയറുന്ന വലയമിട്ട് കറുത്ത് തടിച്ച തഴമ്പ്. മുറുക്കാൻ ചവച്ചും, ബീഡി വലിച്ചും കറുത്ത പല്ലുകൾ. ഉറുമിച്ചിരി – ഇതെല്ലാം ചേരുമ്പോൾ വെളുപ്പൻ വേടന്റെ ചിത്രമായി.

​വെളുപ്പന്റെ ഭാര്യ അകാലത്തിൽ മരിച്ചുപോയി. വീട്ടിൽ മുതിർന്ന ഒരു മകളും താഴോട്ട് പല പ്രായത്തിൽ നാല് ആണ്മക്കളും. ആരും സ്കൂൾ പഠനം തുടർന്നില്ല.

മുതിർന്ന തടിയൻ ചെറുക്കൻ ശശിയെ നാട്ടുകാർ “കൊഴുക്കൻ” എന്ന് വിളിച്ചു. “കൊഴുക്കനും” മുതിർന്ന മറ്റൊരു മകൻ മോനാപ്പനും   ചെണ്ട കൊട്ടുകാരായിരുന്നു. അവർ വെളുപ്പനെപ്പോലെ തെങ്ങു കയറാൻ പോയില്ല.പിന്നെ അവർക്കു താഴെ രണ്ട് ചെറിയ ആൺ കുട്ടികൾ. അമ്മയില്ലാതെയായ വീട്ടിൽ മകൾ ശാന്ത എല്ലാവക്കും വെച്ച് വിളമ്പി വീട്ടമ്മയായി.

ചെറുപ്പത്തിലേ അവൾ പെഴച്ചു പോയെന്നു നാട്ടുകാർ  പറഞ്ഞതിന്റെ അർത്ഥം അന്ന് എനിക്ക് മനസ്സിലായില്ല. വെളുപ്പനെ വിളിക്കാൻ വീട്ടിൽ ചെല്ലുമ്പോൾ “കൊഴുക്കൻ” ചിലപ്പോൾ ചെണ്ട കൊട്ടി കാണിക്കും.

തരിച്ചു വീർത്ത കൊഴുക്കന്റെ ദേഹത്ത് ധാരാളം മുഴകളുണ്ടായിരുന്നു. അത് എലിയെ തിന്ന്  ഉണ്ടായതാണെന്ന് തങ്കച്ചൻ ഒരിക്കൽ പറഞ്ഞു.

​വെളുപ്പനെ കൂട്ടി തേങ്ങ ഇടാൻ പോകുമ്പോൾ, വെളുപ്പൻ ചിലപ്പോൾ ഓരോ കഥകൾ എന്നോട് പറയും. തെങ്ങിന്റെ മണ്ടയിലെ കടുന്നൽക്കൂട് കത്തിച്ച കഥ. മരം വെട്ടിയപ്പോൾ, അതിലെ പക്ഷിക്കൂട്ടിൽ നിന്നും തത്തയെ പിടിച്ച കഥ.അതൊക്കെ കേട്ട് വെളുപ്പൻവേട നെപ്പോലെ ഒരു മരം കയറ്റക്കാരൻ ആകാൻ കൊതിച്ച നാളുകൾ.

മറ്റൊരിക്കൽ വെളുപ്പനെ വിളിച്ചുകൊണ്ടു തേങ്ങയിടാൻ പോകുമ്പോൾ, പാടത്തിനപ്പുറം, വെള്ളം നിറഞ്ഞൊഴുകുന്ന, ആഴമേറിയ തോട്ടിൽ ഒരു പശുക്കിടാവ് വീണുപോയി.

അതിനെ രക്ഷിക്കാനിറങ്ങിയ ഒരു സ്ത്രീ, കുത്തനെയുള്ള മൺതിട്ടയായതിനാൽ കരയ്ക്കു കയറാനാവാതെ തോട്ടിൽ കുടുങ്ങിപ്പോയി.

അവർ ഒരു മരത്തിന്റെ വേരിൽ പിടിച്ചു നിൽക്കുന്നു.

ഒന്ന് രണ്ട് സ്ത്രീകൾ നിന്ന് ബഹളം വെച്ചു. പരിഭ്രമിച്ചു നിൽക്കുന്ന അവരുടെ അടുത്തേക്ക് വെളുപ്പൻ ഓടിയെത്തി. തന്റെ തോളിലുണ്ടായിരുന്ന ആ നീളൻ മുളയേണി അയാൾ തോട്ടിലേക്ക് ഇറക്കിവെച്ചു. ഒരറ്റം കരയിലെ മരത്തിലും ഉറപ്പിച്ചു.

അയാൾ അതിലൂടെ ഇറങ്ങി, കഴുത്തോളം വെള്ളത്തിലാ യിരുന്ന സ്ത്രീയെ കരക്ക്‌ കയറ്റി.പിന്നെ ആ ഏണിയിൽ പിടിച്ചു തൂങ്ങി വെളുപ്പൻ   കരയ്ക്കെത്തി. പിന്നെ ആരോടും ഒന്നും പറയാതെ എന്തോ പിറുപിറുത്തുകൊണ്ട്

വെളുപ്പൻ എന്നെയും കൂട്ടി നടന്നു. അന്ന് വെളുപ്പനും വെളുപ്പനെപ്പോലെ അൽപ്പം വളഞ്ഞ ആ ഏണിയും എനിക്ക് വലിയ അത്ഭുതമായി തോന്നി. വെളുപ്പനോട്  എന്റെ കുഞ്ഞുമനസ്സിൽ ആരാധന തോന്നി. 

​തേങ്ങയിടുമ്പോൾ  വെളുപ്പൻ എനിക്ക് ചിലപ്പോൾ കരിക്ക് പറിച്ചു തന്നു. മൂർച്ചയുള്ള വെട്ടു കത്തി കൊണ്ട് കരിക്ക് വെട്ടുന്നതും മടൽ ചെത്തുന്നതും നോക്കി നിൽക്കുമ്പോൾ, ഇടക്കിടെ, വെളുപ്പൻ മഞ്ഞപല്ലുകൾ കാട്ടി ചിരിക്കും..

അധികം സംസാരിക്കാറില്ല. ഉറുമ്മി ചിരിക്കുക മാത്രം ചെയ്യും.

തേങ്ങയിട്ട ശേഷം മരച്ചുവട്ടിൽ ഇരുന്നു വിശ്രമിക്കുമ്പോൾ ,വെളുപ്പൻ  എന്നെ നോക്കി ചിരിക്കും. എന്നിട്ട് പതുക്കെ പാടും:…

“തെങ്ങു ചതിക്കാതെ..

തേങ്ങാതന്നേ..

തേങ്ങയിട്ട് കറി വെച്ചേ…

കറി കൂട്ടി ചോറ് തിന്നേ..

ചോറുതിന്ന് തടിയനായി

തെങ്ങേ തേങ്ങേ.. നല്ല തെങ്ങേ”

​പാടുമ്പോൾ, വെളുപ്പന്റെ വായിൽ നിന്നും മുറുക്കാൻ പുറത്തേക്ക് തെറിക്കുമായിരുന്നു.

ചോറുതിന്നാൽ തടിയനാകുമോ? ചിലപ്പോൾ “കൊഴുക്കൻ” അങ്ങനെയാകും തടിയനായത്.

​വലിയ നീളമുള്ള ഏണി വെച്ച് ഉയരമുള്ള തെങ്ങിലേക്ക്‌ കുറെ ഉയരം വെളുപ്പൻ കേറും. പിന്നെ കാലിൽ വളയമിട്ടു ചാടിച്ചാടി കേറിപ്പോകും. അത് നോക്കി നിൽക്കുമ്പോൾ വെളുപ്പനെപ്പോലെ തെങ്ങിൽ കയറണമെന്ന് തോന്നും. പക്ഷെ ഉയരത്തിലേക്കു നോക്കുമ്പോൾ ഭയമാകും. 

ദൂരെ കുന്നുകളും, മുകളിൽ മേഘങ്ങളും അതിനുമപ്പുറം ദൈവങ്ങളുമുണ്ട്.  ഉയരത്തിലിരുന്നു വെളുപ്പൻ അതെല്ലാം കാണുന്നുണ്ടാവുമോ? ചോദിച്ചിട്ടില്ല. വെളുപ്പൻ പെട്ടെന്ന് താഴെ ഇറങ്ങി വരാൻ പ്രാർത്ഥിച്ചു.

വെളുപ്പൻ താഴെയെത്തുമ്പോൾ ആശ്വാസം.

കുന്നിൻ മുകളിൽ സൂര്യൻ പിന്നെയും പിന്നെയും പൊങ്ങി മങ്ങി,കുറച്ചുകാലം കടന്നുപോയി. ഒരിക്കൽ വെളുപ്പനെ കാണുമ്പോൾ, അയാളുടെ കാലിലെ തഴമ്പ് വീർത്തു നീരുപോലെ ഇരുന്നു. പെട്ടെന്ന് ഒരു ഞാൻ സ്കൂളിൽ നിന്നും തിരിച്ചു വന്നപ്പോൾ അച്ഛൻ പറഞ്ഞു “വെളുപ്പൻ മരിച്ചു പോയി”.

മനസ്സിൽ വെളുപ്പൻ നീറിത്തെളിഞ്ഞു. ചാരി വെച്ച ഏണിയിലൂടെ  ഉയരങ്ങളിലേക്ക് വെളുപ്പൻ കയറിപ്പോകുന്നതും പിന്നെ  ദൂരെ മേഘങ്ങൾക്കിടയിലേക്ക് ഇറങ്ങുന്നതും ഞാൻ കണ്ടു.അവിടെ ദൈവങ്ങളുടെ ഒപ്പം വെളുപ്പൻ ചേർന്നുകാണും.

വെളുപ്പൻ  ആകാശത്തിലേക്കു ചാരിവെച്ച  ഏണി മാത്രം  അവിടെ ഉണ്ടായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *