ഞാനും ഭാര്യ മിനിയും ചേർന്ന് രാജസ്ഥാനിലെ ഉദയ്പൂരിലേക്ക് നടത്തിയ യാത്ര അവിസ്മരണീയമായിരുന്നു.
ഈ യാത്രയ്ക്ക് രണ്ട് പ്രധാന ലക്ഷ്യങ്ങളുണ്ടായിരുന്നു: നവംബർ 25-നും 26-നും ഉദയപ്പൂർ എസ്സെൻഷ്യ റിസോർട്ടിൽ നടക്കുന്ന, ഞങ്ങളുടെ ബിഹാറുകാരിയായ മരുമകളുടെ, കസിൻ ബ്രദർ ജീത്തുവിൻ്റെ “ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ” പങ്കെടുക്കുക എന്നതായിരുന്നു അതിൽ പ്രധാനം.
അതിനു മുന്നോടിയായി, നവംബർ 21 മുതൽ 25 വരെ ഉദയ്പൂരിലെയും മൗണ്ട് അബുവിലെയും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു രണ്ടാമത്തെ ലക്ഷ്യം.
യാത്രാ ഒരുക്കങ്ങൾ
ഞങ്ങൾ വിമാന ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഉദയ്പൂരിലെയും മൗണ്ട് അബുവിലെയും താമസവും യാത്രയും ക്രമീകരണങ്ങൾ ചെയ്യാൻ രാജസ്ഥാനിൽ നിന്നുള്ള ഒരു ടൂർ ഓപ്പറേറ്ററെ ചുമതലപ്പെടുത്തി.
വിശദമായ ചർച്ചകൾക്കുശേഷം, അവർ ഞങ്ങൾക്കായി തയ്യാറാക്കിയ പ്രത്യേക യാത്രാ പദ്ധതിയിൽ മികച്ച താമസസൗകര്യം, ഭക്ഷണം (പ്രഭാതഭക്ഷണവും അത്താഴവും), പ്രത്യേക എയർ കണ്ടീഷൻഡ് കാർ, ഡ്രൈവറുടെ സേവനം എന്നിവ ഉൾപ്പെടുത്തിയിരുന്നു.
ഇതിന് അൽപ്പം ചെലവ് കൂടുതലായിരുന്നെങ്കിലും വളരെ സൗകര്യപ്രദമായിരുന്നു. നല്ല തയ്യാറെടുപ്പോടെ, നവംബർ 21-ന് തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ വഴി ഉദയ്പൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ഞങ്ങൾ യാത്ര ആരംഭിച്ചു.
ഒന്നാം ദിവസം: നവംബർ 21, 2025
രാവിലെ 11:15-നുള്ള ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരത്തു നിന്ന് ഞങ്ങൾ ബാംഗ്ലൂരിൽ എത്തി. ലേഓവർ സമയത്ത്, ഞങ്ങളുടെ എസ്ബിഐ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വെറും ₹2 വീതം മാത്രം നൽകി എയർപോർട്ട് ലോഞ്ചിൽ നിന്ന് രുചികരമായ ഉച്ചഭക്ഷണം കഴിച്ചു. തുടർന്ന് ഉച്ചയ്ക്ക് 2:50-നുള്ള കണക്റ്റിംഗ് ഫ്ലൈറ്റിൽ യാത്ര തിരിച്ച്, വൈകുന്നേരം 5:35-ന് ഉദയ്പൂർ വിമാനത്താവളത്തിൽ എത്തിച്ചേർന്നു.
വിമാനത്താവളത്തിൽ, ഞങ്ങളുടെ ടൂർ ഓപ്പറേറ്റർ ഏർപ്പാട് ചെയ്ത ഡ്രൈവർ, വിനോദ്ജി (വിനോദ് കുമാർ ശർമ്മ, 62 വയസ്സ്) ഞങ്ങളെ സ്നേഹപൂർവ്വം സ്വീകരിച്ചു.
38 വർഷത്തെ അനുഭവസമ്പത്തുള്ള വിനോദ്ജി, ഹിന്ദിയും അത്യാവശ്യം ഇംഗ്ലീഷും സംസാരിക്കുന്ന നല്ല പരിചയസമ്പന്നനായ ഒരു ഡ്രൈവറായിരുന്നു. തുടക്കത്തിൽ അദ്ദേഹം അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നുവെങ്കിലും, ഞങ്ങളുടെ സൗഹൃദ സംഭാഷണങ്ങൾ അദ്ദേഹത്തിൽ മാറ്റങ്ങൾ വരുത്തി.
മിനിക്ക് ഹിന്ദി സംസാരിക്കാൻ അറിയാമായിരുന്നത് ഏറെ സഹായകരമായി. എയർപോർട്ടിൽ നിന്ന് ഏകദേശം 50 മിനിറ്റ് യാത്രയ്ക്ക് ശേഷം ഞങ്ങൾ താമസസ്ഥലമായ ഹോട്ടൽ ഓപുലെൻസിൽ (Hotel Opulence) എത്തിച്ചേർന്നു.

ഉദയ്പൂർ നഗരത്തിലെ മികച്ചതും സാമാന്യം നല്ല സൗകര്യങ്ങളുള്ളതുമായ ഈ ഹോട്ടലിൻ്റെ ഒരു പരിമിതി, ഇവിടെ വെജിറ്റേറിയൻ ഭക്ഷണം മാത്രമേ ലഭിക്കൂ എന്നതാണ്.
നവംബർ 24 രാവിലെ വരെ ഞങ്ങളുടെ താമസം ഇവിടെ യാണ്. പ്രഭാതഭക്ഷണവും അത്താഴവും ഇവിടെ നിന്ന് തന്നെ കഴിക്കണം.
അന്നത്തെ ദിവസത്തേക്ക് പ്രത്യേകിച്ച് മറ്റു പരിപാടികളൊന്നും ഇല്ലാതിരുന്നതിനാൽ, ഹോട്ടലിലെ ബുഫേ അത്താഴം കഴിച്ച് വിശ്രമിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
വെജിറ്റേറിയൻ മെനുവിൽ റൊട്ടി (ചപ്പാത്തി/സ്റ്റഫ്ഡ് പറോത്ത), പനീർ, പരിപ്പ് ഉൾപ്പെടെയുള്ള രണ്ടോ മൂന്നോ വെജിറ്റബിൾ കറികൾ, മധുരപലഹാരങ്ങൾ, പോഹ, കോൺഫ്ലേക്സ് തുടങ്ങിയ പലതരം വിഭവങ്ങളുണ്ടായിരുന്നു. എന്നാൽ ഒരാഴ്ചത്തെ യാത്രയായതിനാൽ ഞങ്ങൾ വളരെ ശ്രദ്ധയോടെ കുറച്ച് ഭക്ഷണം മാത്രം കഴിച്ചു.
അഞ്ചാം നിലയിലുള്ള, വൃത്തിയുള്ളതും നന്നായി പരിപാലിക്കപ്പെടുന്നതുമായ റെസ്റ്റോറൻ്റ് ശാന്തമായ ഒരത്താഴത്തിന് അനുയോജ്യമായിരുന്നു. ഞങ്ങളൊഴികെ മറ്റെല്ലാ സന്ദർശകരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായിരുന്നു.
റെസ്റ്റോറൻ്റിനോട് ചേർന്ന വിശാലമായ ബാൽക്കണിയിൽ നിന്ന് നഗരക്കാഴ്ചകൾ ആസ്വദിക്കാൻ സാധിച്ചു. ദൂരെ റെയിൽവേ സ്റ്റേഷനും, അങ്ങകലെ കുന്നുകളിലെ കെട്ടിടങ്ങളിൽ തെളിയുന്ന വിളക്കുകളും, നഗരത്തിലെ വിവിധ വിവാഹ കേന്ദ്രങ്ങളിൽ നിന്ന് ആകാശത്തേക്ക് കറങ്ങുന്ന വർണ്ണവിളക്കുകളും കണ്ടു.

ദൂരെയെവിടെയോക്കെയോ വാദ്യമേള ശബ്ദങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു, പക്ഷെ അവയൊന്നും അരോചകമായി തോന്നിയില്ല. ഈ ശബ്ദങ്ങൾക്കിടയിലും മനസ്സിൽ ഒരു ശാന്തത നിറയുന്നതുപോലെ തോന്നി. കുറച്ചുനേരം ബാൽക്കണിയിൽ ചിലവഴിച്ച ശേഷം ഞങ്ങൾ റൂമിലേക്ക് മടങ്ങി.
രണ്ടാം ദിവസം: നവംബർ 22, 2025 – ഉദയ്പൂർ കാഴ്ചകൾ
“തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നഗരം” എന്നറിയപ്പെടുന്ന ഉദയ്പൂർ, ചരിത്രത്തിൻ്റെയും വാസ്തുവിദ്യയുടെയും ഒരു നിധി ശേഖരമാണ്. നല്ല വൃത്തിയുള്ള ഈ നഗരം ഇന്ന് “ഡെസ്റ്റിനേഷൻ വിവാഹങ്ങൾ”ക്കുള്ള ഒരു പ്രധാന കേന്ദ്രം കൂടിയാണ്.
നഗരം ചുറ്റിക്കാണാൻ ഞങ്ങൾക്ക് രണ്ടു പൂർണ്ണ ദിവസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ തിരഞ്ഞെടുത്ത ടൂറിസ്റ്റ് കേന്ദ്രങ്ങൾ മാത്രം ഉൾപ്പെടുന്ന ഒരു തിരക്കിട്ട യാത്രാപരിപാടിയാണ് ഞങ്ങൾക്കുണ്ടായിരുന്നത്.
രണ്ടാം ദിവസം രാവിലെ 9 മണിക്ക് തന്നെ ഞങ്ങൾ തയ്യാറായി. രുചികരമായ ബുഫേ പ്രഭാതഭക്ഷണത്തിനുശേഷം സന്ദർശനം ആരംഭിച്ചു. വിനോദ്ജി കൃത്യ സമയത്തുതന്നെ കാറുമായി എത്തിയിരുന്നു.
സിറ്റി പാലസും പിച്ചോള തടാകവും

ഞങ്ങൾ ആദ്യം സിറ്റി പാലസും, അതിന് സമീപത്തുള്ള പിച്ചോള തടാകവും കാണാൻ പുറപ്പെട്ടു. ഉദയ്പൂരിലെ സിറ്റി പാലസ് (രാജ് മഹൽ) പിച്ചോള തടാകത്തിൻ്റെ കിഴക്കേ കരയിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ കൊട്ടാര സമുച്ചയമാണ്. മേവാർ രാജവംശത്തിലെ നിരവധി ഭരണാധികാരികളുടെ സംഭാവനകളോടെ ഏകദേശം 400 വർഷം കൊണ്ടാണ് ഇത് പൂർണ്ണരൂപത്തിലായത്.
1553-ൽ സിസോദിയ രജപുത്ര കുടുംബത്തിലെ മഹാറാണ ഉദയ് സിംഗ് II, ചിറ്റോറിൽ നിന്ന് തലസ്ഥാനം പുതിയ നഗരമായ ഉദയ്പൂരിലേക്ക് മാറ്റാൻ തീരുമാനിച്ചതോടെയാണ് ഇതിൻ്റെ നിർമ്മാണം ആരംഭിച്ചത്.
ഈ ആകർഷകമായ സമുച്ചയത്തിനുള്ളിൽ നിരവധി കൊട്ടാരങ്ങളുണ്ട്. രാജകുടുംബം താമസിക്കുന്ന പ്രത്യേക മേഖലയും, പാലസ് ട്രസ്റ്റ് നിയന്ത്രിക്കുന്ന ഒരു സ്കൂളും, ഏതാനും സെയിൽസ് കൗണ്ടറുകളും ഇവിടെയുണ്ട്. ചില ഭാഗങ്ങൾ, വലിയ തുക ഈടാക്കി ആർഭാട വിവാഹങ്ങൾക്കായി (ഡെസ്റ്റിനേഷൻ മാര്യേജ്) നൽകുന്നു.
ഇത്തരം ഭീമമായ വാടക, എൻട്രി ഫീസ്, വസ്ത്ര വ്യാപാരം, ആർട്ട് ഗാലറി എന്നിവയൊക്കെയാണ് പാലസ് ട്രസ്റ്റിനുള്ള പ്രധാന വരുമാന സ്രോതസ്സുകൾ. പാലസിൻ്റെ ചില ഭാഗങ്ങൾ മാത്രമാണ് മ്യൂസിയമായി പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുക.
വിനോദ്ജി കൃത്യം 10മണിക്ക് – കൊട്ടാരത്തിൻ്റെ പ്രവേശന കവാടത്തിൽ ഞങ്ങളെ ഇറക്കി. ഒരാൾക്ക് ₹300 നിരക്കിൽ ഞങ്ങൾ ടിക്കറ്റുകൾ വാങ്ങി.
എൻട്രി ടിക്കറ്റ് എടുത്ത ശേഷം, ഒന്നര കിലോമീറ്റർ ദൂരം പ്രത്യേക ഇലക്ട്രിക് വാഹനത്തിൽ (₹50 ടിക്കറ്റ്) വേണം പാലസ് ഗേറ്റിലും പിച്ചോള തടാക ഭാഗത്തും എത്താൻ. കൂടാതെ, മണിക്കൂറിന് ₹500 നിരക്കിൽ, ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡ് ശൈലേന്ദ്ര സിംഗിനെ ഞങ്ങൾ സഹായിയാക്കി.
മധ്യവയസ്കനായ ശൈലേന്ദ്ര ഉത്സാഹത്തോടെ ഓരോ കാര്യങ്ങളും വിശദീകരിച്ചു തന്നു. അദ്ദേഹത്തിന് പാലസിൻ്റെ ചരിത്രവും വിവരങ്ങളും നന്നായി അറിയാമായിരുന്നു.പാലസിന്റെ പുറം ഭാഗം പോലെ ഉള്ളറകളും ശിൽപ്പഭംഗി നിറഞ്ഞ അത്ഭുത കാഴ്ചകളായിരുന്നു.
പല രാജാക്കന്മാർ ഉപയോഗിച്ച ആയുധങ്ങൾ, ചുവർചിത്രങ്ങൾ, ആഡംബര സാമഗ്രികൾ, എന്നിവയെല്ലാം വേഗത്തിൽ കണ്ടു. ഉള്ളിൽ നല്ല തിരക്കുണ്ടായിരുന്നു. രത്ന ശേഖരമുള്ള പ്രത്യേക സെക്ഷൻ സന്ദർശിക്കാൻ ഞങ്ങൾക്ക് സമയം ലഭിച്ചില്ല.
ഒരു വലിയ വ്യവസായിയുടെ മകളുടെ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് നവംബർ 23-ന് കൊട്ടാരത്തിൽ നടക്കുന്നതിനാൽ, 22-ന് ഉച്ചയ്ക്ക് ശേഷം പാലസിൽ സന്ദർശകരെ വിലക്കിയിരുന്നു. ഉച്ചയ്ക്ക് മുമ്പ് പ്രധാന ഭാഗങ്ങൾ സന്ദർശിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ഭാഗ്യമായിരുന്നു. എങ്കിലും, സമീപത്തുള്ള പിച്ചോള തടാകത്തിൽ ബോട്ട് സവാരി നടത്താനുള്ള അവസരം നിർഭാഗ്യവശാൽ നഷ്ടമായി.
രാജസ്ഥാനി വസ്ത്രങ്ങൾ
സിറ്റി പാലസ് ചുറ്റിക്കാണുന്നതിനിടയിൽ, കൊട്ടാരത്തിൻ്റെ കീഴിലുള്ള M/s ഇന്ത്യൻ ഹാൻഡിക്രാഫ്റ്റ്സ് നടത്തുന്ന രാജസ്ഥാൻ വസ്ത്രങ്ങളുടെയും ബാഗുകളുടെയും കരകൗശല ആഭരണങ്ങളുടെയും സെയിൽസ് സെന്റർ ഞങ്ങൾ സന്ദർശിച്ചു.
രാജസ്ഥാൻ്റെ സമ്പന്നമായ കലയും സംസ്കാരവും പ്രതിഫലിക്കുന്ന, തിളക്കമുള്ള നിറങ്ങളും സങ്കീർണ്ണമായ ഡിസൈനുകളുമുള്ള വസ്ത്രങ്ങൾ ഞങ്ങൾക്ക് ഏറെ ആകർഷകമായി തോന്നി.
പ്രത്യേകം തയ്യാറാക്കുന്ന നിറങ്ങളും, കൈ-അച്ച് (സീൽ) ഉപയോഗിച്ച് പ്രിൻ്റ് ചെയ്ത തുണിത്തരങ്ങളും അവിടെയുണ്ടായിരുന്നു. സൽവാറുകൾ, ലെഹരിയ, ബാന്ധനി തുടങ്ങിയ മനോഹരമായ ഡ്രസ് മെറ്റീരിയലുകൾ ഉൾപ്പെടെ കുറച്ച് സാധനങ്ങൾ വാങ്ങാനുള്ള പ്രലോഭനം ഞങ്ങൾക്ക് നിയന്ത്രിക്കാനായില്ല. അവ നേരിട്ട് വീട്ടിലേക്ക് അയക്കാൻ ഏർപ്പാടാക്കി.
കൊട്ടാരത്തിനുള്ളിൽ യഥാർത്ഥ കൊട്ടാര കലാസൃഷ്ടികളുടെ പകർപ്പുകൾ വിൽക്കുന്ന മറ്റൊരു ആർട്ട് മെറ്റീരിയൽസ് സെയിൽസ് ഡിപ്പോയും ഉണ്ടായിരുന്നെങ്കിലും, അവിടെ വില വളരെ അധികമായിരുന്നു.
1:30-ന് സിറ്റി പാലസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, പിച്ചോള തടാകത്തിൻ്റെ കരയിലൂടെ നടന്ന് മനോഹരമായ കാഴ്ചകൾ ആസ്വദിക്കുകയും കുറച്ച് ചിത്രങ്ങൾ എടുക്കുകയും ചെയ്തു. തടാകത്തിൻ്റെ നടുവിലുള്ള മനോഹരമായ കൊട്ടാരം ഇപ്പോൾ ഒരു സ്വകാര്യ ആഡംബര ഹോട്ടലായി പ്രവർത്തിക്കുന്നു. എന്നാൽ ചുറ്റുമുള്ള തടാകത്തിൽ എല്ലാവർക്കും ബോട്ടിംഗ് സൗകര്യമുണ്ട്.
ഉച്ചഭക്ഷണം ഞങ്ങളുടെ പാക്കേജിൽ ഉൾപ്പെടാത്തതിനാൽ, പ്രാദേശിക വിഭവങ്ങൾ പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ അടുത്ത ആകർഷണ കേന്ദ്രമായ ‘വിന്റേജ് കാർ മ്യൂസിയ’ത്തിൻ്റെ കോമ്പൗണ്ടിനുള്ളിൽ തന്നെയുള്ള ‘ഗാർഡൻ റെസ്റ്റോറൻ്റ്’ സന്ദർശിക്കാൻ ഡ്രൈവറായ വിനോദ്ജി നിർദ്ദേശിച്ചു.
‘ഗാർഡൻ റെസ്റ്റോറൻ്റ്’ ഞങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയർന്നു. വിശാലമായ വൃത്തിയുള്ള ഭക്ഷണ മുറികൾ. ധാരാളം വിഭവങ്ങൾ ഉൾക്കൊള്ളുന്ന മെനുവിൽ നിന്ന് തിരഞ്ഞെടുക്കാൻ പ്രയാസമായിരുന്നു. ഞങ്ങൾ ബട്ടർ നാൻ, മലായി കോഫ്ത, ഫ്രഷ് ഓറഞ്ച് ജ്യൂസ്, വെജിറ്റബിൾ സാലഡ് എന്നിവ ഓർഡർ ചെയ്തു.
ബിൽ തുക ഉയർന്നതായിരുന്നെങ്കിലും രുചികരമായ ഭക്ഷണം ഞങ്ങൾ ആസ്വദിച്ചു. ഞങ്ങളുടെ ഇഷ്ടമനുസരിച്ച് എരിവ് കുറച്ചാണ് എല്ലാം ഉണ്ടാക്കിയത്.
വിന്റേജ് കാർ മ്യൂസിയം

വ്യത്യസ്തമായ ഒരു ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ വിന്റേജ് കാർ മ്യൂസിയം സന്ദർശിച്ചു. 1920 കാലഘട്ടം മുതലുള്ള ഏകദേശം 30 വിന്റേജ് കാറുകൾ, ഏതാനും കാളവണ്ടികൾ, കുതിരവണ്ടികൾ, രാജ കാലത്ത് ഇറക്കുമതി ചെയ്ത രണ്ട് സ്കൂൾ ബസുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
റോൾസ് റോയ്‌സുകൾ, കാഡിലാക്കുകൾ, മെഴ്‌സിഡസ് തുടങ്ങിയ കാറുകൾ ഉൾപ്പെടുന്ന ഈ ശേഖരം മഹാരാജാക്കന്മാരുടെ ആഡംബര ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം നൽകുന്നു. ഓരോ കാറിനെക്കുറിച്ചുമുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
അവയെല്ലാം നന്നായി പരിപാലിക്കപ്പെടുന്നു. അവിടെയുണ്ടായിരുന്ന മോഹൻലാൽ എന്ന സെക്യൂരിറ്റി ജീവനക്കാരൻ കാറുകളെപ്പറ്റി വിശദീകരിക്കുകയും ഫോട്ടോയെടുക്കാൻ സഹായിക്കുകയും ചെയ്തു.
താൻ കേരളത്തിലെ സിനിമാ താരം മോഹൻലാലിൻ്റെ പേരാണ് പങ്കിടുന്നതെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞത് കൗതുകകരമായി. ചരിത്രത്തിലും ക്ലാസിക് ഓട്ടോമൊബൈലുകളിലും താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണിത്.
മോട്ടി മഗ്രി (Pearls Hill- മുത്തുകളുടെ കുന്ന്)
പകൽ സമയത്തെ 18 ഡിഗ്രി താപനില വളരെ സുഖകരമായിരുന്നു, ഇത് ഞങ്ങളുടെ കാഴ്ചാനുഭവം കൂടുതൽ ആസ്വാദ്യകരമാക്കി. വിൻ്റേജ് കാർ മ്യൂസിയം കണ്ടശേഷം ഞങ്ങൾ 4 കിലോമീറ്റർ അകലെയുള്ള “മോട്ടി മഗ്രി”യിലേക്ക് (Pearl Hill – മുത്തുകളുടെ കുന്ന്) യാത്ര തിരിച്ചു. കുന്നിലേക്ക് കയറുമ്പോൾ, ഫത്തേ സാഗർ തടാകത്തിൻ്റെയും ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും അതിമനോഹരമായ കാഴ്ചകൾ ലഭിച്ചു.
മേവാറിലെ ഐതിഹാസിക രാജാവായ മഹാറാണ പ്രതാപിന്റെ (ഭരണം: 1572-1597)
11 അടി ഉയരമുള്ള വെള്ള മാർബിൾ പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹം കുതിരപ്പുറത്ത് ഇരിക്കുന്ന രൂപത്തിലുള്ള ഈ പ്രതിമ ധീരതയുടെയും ത്യാഗത്തിൻ്റെയും പ്രതീകമാണ്.
അദ്ദേഹത്തിൻ്റെ കുതിരയെക്കുറിച്ചും അർപ്പണത്തിൻ്റെയും സേവനത്തിൻ്റെയും കഥകളുണ്ട്. മുറിവേറ്റ കുതിരയുടെ ശില്പവും ഇവിടെയുണ്ട്.
ഞങ്ങൾ ചുറ്റുമുള്ള പ്രശാന്തമായ പൂന്തോട്ടത്തിൽ അൽപസമയം ചെലവഴിച്ചു, റാണാപ്രതാപിന് ആദരവ് അർപ്പിച്ചു. ഒരു ഓർമ്മക്കായി പരമ്പരാഗത രാജസ്ഥാനി വേഷത്തിൽ ഒരു ഫോട്ടോയും എടുത്തു.
ഫത്തേ സാഗർ തടാകം
കുന്നിന് താഴെയുള്ള ഫത്തേ സാഗർ തടാകം അതിൻ്റെ ശാന്തമായ സൗന്ദര്യത്താൽ ഞങ്ങളെ മാടിവിളിക്കുകയായിരുന്നു. വൈകുന്നേരം 4:30-ന് ഞങ്ങൾ കാറിൽ തടാകക്കരയിൽ എത്തി. അസാധാരണമായ ചരിത്രപരമായ പ്രാധാന്യമുള്ള ഈ തടാകം, ആദ്യം മഹാരാജാ ജയ് സിംഗിന്റെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണെങ്കിലും, പിന്നീട് മഹാരാജാ ഫത്തേ സിംഗ് പുനർനിർമ്മിക്കുകയും അദ്ദേഹത്തിൻ്റെ പേര് നൽകുകയും ചെയ്തു.
ഫത്തേ സാഗർ തടാകത്തിൽ മൂന്ന് ദ്വീപുകളുണ്ട്. ഇവയിൽ ഏറ്റവും വലുതായ നെഹ്റു പാർക്ക് ഒരു പ്രധാന ആകർഷണമാണ്. മറ്റ് ദ്വീപുകളിൽ വാട്ടർ-ജെറ്റ് ഫൗണ്ടനോടു കൂടിയ പൊതു ഉദ്യാനവും, ഉദയ്പൂർ സോളാർ ഒബ്സർവേറ്ററിയും ഉണ്ട്. തടാകത്തിലെ നീല ജലവും പച്ച മലകളും കാരണം ഉദയ്പൂരിനെ “രണ്ടാമത്തെ കാശ്മീർ” എന്ന് പറയാറുണ്ട്.
ബോട്ടിംഗിന് നല്ല തിരക്കുണ്ടായിരുന്നു. തീരത്ത് കടകളും റെസ്റ്റോറൻ്റുകളും കുതിരസവാരി, ഒട്ടകസവാരി എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ടായിരുന്നു. ഞങ്ങൾ ഒരു മോട്ടോർ ബോട്ട് സവാരി നടത്താൻ തീരുമാനിച്ചു.
30 മിനിറ്റുള്ള യാത്ര, ചുറ്റുമുള്ള തടാകക്കരയുടെയും അടുത്തുള്ള കൊട്ടാരത്തിൻ്റെയും ആകർഷകമായ കാഴ്ചകൾ സമ്മാനിച്ചു. തണുത്ത കാറ്റ് ആസ്വദിച്ച് അല്പം വിശ്രമിച്ച ഞങ്ങൾ, ഒരു കുതിരപ്പുറത്ത് കയറി ഫോട്ടോ എടുക്കുകയും ചെയ്തു.
സഹേലിയോൺ കി ബാരി (തോഴികളുടെ ഉദ്യാനം)
തടാകത്തിന് ശേഷം, ഞങ്ങളുടെ അടുത്ത ലക്ഷ്യം 4 കിലോമീറ്റർ അകലെയുള്ള “തോഴികളുടെ ഉദ്യാനം” എന്നറിയപ്പെടുന്ന സഹേലിയോൺ കി ബാരി ആയിരുന്നു. 18-ാം നൂറ്റാണ്ടിൽ മഹാറാണ സംഗ്രാം സിംഗ് II തൻ്റെ രാജ്ഞിക്കും അവരുടെ 48 തോഴികൾക്കുമായി പണികഴിപ്പിച്ച ഈ മനോഹരമായ പൂന്തോട്ടവും അവിടുത്തെ ചെറിയ ഉദ്യാന കെട്ടിടങ്ങളും രാജസ്ഥാനി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ്. മാർബിൾ കല്ലുകളിലെ സങ്കീർണ്ണമായ കൊത്തുപണികൾ, ജലധാരകൾ, ഒരു താമരക്കുളം, സമൃദ്ധമായ പച്ചപ്പ് എന്നിവ ആകർഷകമാണ്.
ഇവിടുത്തെ വ്യത്യസ്തമായ ജലധാരകൾ ഞങ്ങളെ ഏറെ ആകർഷിച്ചു. ഫോട്ടോഗ്രാഫിക്കായി ധാരാളം അവസരങ്ങളൊരുക്കുന്ന വിശാലമായ പൂന്തോട്ടമാണിത്. ഏകദേശം 5:40-ന് ഞങ്ങൾ പൂന്തോട്ടത്തിന് പുറത്തെത്തി. ചായ കുടിക്കാൻ പുറത്തുള്ള ഒരു വൃത്തിയുള്ള ചെറിയ കടയിൽ കയറി. പാൽ നന്നായി തിളപ്പിച്ചെടുത്തതിനാൽ ചായയ്ക്ക് നല്ല രുചിയുണ്ടായിരുന്നു.അത് ഏറെ നേരം നാവിൽ തങ്ങി നിൽക്കും പോലെ തോന്നി.
ജഗദീഷ് ക്ഷേത്രം
സമയം 6:15 ആയപ്പോൾ, സൂര്യൻ അസ്തമിക്കാൻ തുടങ്ങിയതോടെ, ഞങ്ങളുടെ ആദ്യദിന യാത്രാപരിപാടിയിലെ അവസാന സ്ഥലമായ ജഗദീഷ് ക്ഷേത്രത്തിലേക്ക് (6 കിലോമീറ്റർ അകലെ) ഞങ്ങൾ യാത്ര തിരിച്ചു.
1651-ൽ നിർമ്മിക്കപ്പെട്ടതും വിഷ്ണു ഭഗവാനായി സമർപ്പിക്കപ്പെട്ടതുമായ ജഗദീഷ് ക്ഷേത്രം പഴയ ഉദയ്പൂർ നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ഇന്തോ-ആര്യൻ വാസ്തുവിദ്യയുടെ അതിമനോഹരമായ ഒരു ഉദാഹരണമാണ്.
ക്ഷേത്രത്തിന് അടുത്തേക്ക് കാറുകൾക്ക് അനുവാദമില്ലാത്തതിനാൽ, ഇടുങ്ങിയ റോഡായതിനാൽ വിനോദ്ജിക്ക് 2 കിലോമീറ്റർ അകലെ കാർ നിർത്തേണ്ടി വന്നു. ഉദയ്പൂരിൽ “ടുക്-ടുക്” എന്നറിയപ്പെടുന്ന പഴയ മോഡൽ ഓട്ടോറിക്ഷകൾ അവിടെയുണ്ടായിരുന്നു.
വലിയ തുകയാണ് ഓട്ടോ കൂലിയായി ആവശ്യപ്പെട്ടതെങ്കിലും, വിലപേശലിന് ശേഷം ₹250-ന് ഓട്ടോറിക്ഷയിൽ പോയി തിരിച്ചു കൊണ്ടുവരാൻ അദ്ദേഹം ഏർപ്പാട് ചെയ്തു.
വെളുത്ത മാർബിൾ കല്ലുകളാൽ നിർമ്മിച്ച ക്ഷേത്രത്തിന് അടുത്തെത്തിയപ്പോൾ അതിൻ്റെ പ്രൗഢിയിൽ ഞങ്ങൾ അമ്പരന്നു. മുകളിലെത്താൻ ഏകദേശം 40 കുത്തനെയുള്ള പടികൾ കയറേണ്ടതുണ്ടായിരുന്നു. അവിടെയെത്തിയപ്പോൾ ഭക്തർ ഭജനയിൽ പങ്കെടുക്കുന്നത് കണ്ടു. രാജസ്ഥാൻ ജനങ്ങളുടെ വസ്ത്രങ്ങൾ, എവിടെ ചെന്നാലും നിറങ്ങളുടെ ആഘോഷം പോലെ തോന്നി. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അതിമനോഹരമായിരുന്നു.
സമയം രാത്രി ഏഴായപ്പോൾ, ലൈറ്റുകൾ തെളിഞ്ഞതോടെ ക്ഷേത്ര വളപ്പിൽ നിന്ന് ഉദയ്പൂർ പഴയ നഗരത്തിൻ്റെ അതിശയകരമായ കാഴ്ച ഞങ്ങൾ കണ്ടു. ക്ഷേത്ര ജംഗ്ഷൻ ഇടുങ്ങിയ റോഡുകളുള്ള തിരക്കേറിയ ഒരു മൂന്ന് റോഡ് കവലയായിരുന്നു. ആളുകളും ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും അവിടെ തിങ്ങിനിറഞ്ഞിരുന്നു.
ഞങ്ങളുടെ ഓട്ടോറിക്ഷ ഏതാണ്ട് 100 മീറ്റർ അകലെ കാത്തുനിന്നിരുന്നു. ഓട്ടോ ഡ്രൈവർ ഞങ്ങളെ ടാക്സിക്ക് അടുത്തേക്ക് വിട്ടു. വിനോദ്ജി ഞങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. പഴയ നഗരത്തിൽ കുറച്ച് ഷോപ്പിംഗ് നടത്താൻ മിനിക്ക് താല്പര്യമുണ്ടായിരുന്നെങ്കിലും, അന്തരീക്ഷ താപനില കുറയുന്നതിനാൽ ഞങ്ങൾ ഹോട്ടൽ ഓപുലെൻസിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചു.
8:30-ന് ഞങ്ങൾ ഹോട്ടലിൽ എത്തിച്ചേർന്നു. അടുത്ത ദിവസം രാവിലെ 9:00-ന് യാത്ര തുടങ്ങുമെന്ന് വിനോദ് ജിക്ക് ഉറപ്പ് നൽകി ഞങ്ങൾ യാത്ര പറഞ്ഞു.
ഹോട്ടലിൽ തിരിച്ചെത്തിയപ്പോൾ, ഞങ്ങൾക്കായി അത്താഴം തയ്യാറായിരുന്നു. വൈവിധ്യമാർന്ന വിഭവങ്ങളുള്ള രുചികരമായ ബുഫേ തന്നെ. ഉദയ്പൂർ കാഴ്ചകൾ കണ്ട, തിരക്ക് നിറഞ്ഞ ഒരു ദിവസമായിരുന്നു അന്ന്.
സംതൃപ്തിയോടെയും സന്തോഷത്തോടെയും ഭക്ഷണം കഴിച്ച് ഞങ്ങൾ മുറിയിലേക്ക് മടങ്ങി. പുതിയ പ്രഭാതത്തിൽ 9 മണിക്ക് തയ്യാറായി നിൽക്കാമെന്ന് വിനോദ്ജിയോട് പറഞ്ഞിട്ടുണ്ടല്ലോ.
മൂന്നാം ദിനം നവംബർ 23 -2025
ഞങ്ങളുടെ ഉദയ്‌പൂർ യാത്രയുടെ മൂന്നാം ദിനം തുടങ്ങി. ഉദയപ്പൂർ നഗരത്തെപ്പറ്റിയും, അതിൻ്റെ സംസ്കാരത്തെപ്പറ്റിയും കൂടുതൽ അടുത്തറിയാനുള്ള അവസരമാണ് ഈ യാത്ര.
അതിനുള്ള ഉത്സാഹത്തോടെയാണ് ഞങ്ങൾ ഉണർന്നത്. രാത്രികാല താപനില 9-10ഡിഗ്രി വരെ താഴുന്നതിനാൽ, കാലാവസ്ഥ അതിമനോഹരമായിരുന്നു ; എയർ കണ്ടീഷണറോ ഫാനോ ആവശ്യമില്ലായിരുന്നു. ഞങ്ങൾ അൽപം വൈകി 7 മണിക്ക് ഉണർന്നു, പെട്ടെന്ന് തന്നെ ചായ ഉണ്ടാക്കി, അന്നത്തെ ദിവസത്തിനായി തയ്യാറെടുത്തു.
ഭക്ഷണശാലയിലെത്തിയപ്പോൾ ബുഫേക്കായി ചെറിയൊരു ക്യൂ ഉണ്ടായിരുന്നു. വിഭവങ്ങളുടെ വൈവിധ്യം ഞങ്ങളെ ആകർഷിച്ചു. റെസ്റ്റോറൻ്റ് ടീം ലീഡറായ ശ്രീ രത്തൻ സിംഗ് റാത്തോഡ് സൗഹൃദപരമായ അടുപ്പം കാണിച്ചു. അടുക്കളയിൽ നിന്ന് ചൂടോടെ വിളമ്പിയ റൊട്ടികൾക്ക് മികച്ച സ്വാദായിരുന്നു, ഞങ്ങൾ നല്ലൊരു പ്രഭാതഭക്ഷണം ആസ്വദിച്ചു.
പ്രഭാതഭക്ഷണത്തിന് ശേഷം ഞങ്ങൾ വേഗം സാധനങ്ങൾ ഒരുക്കി പുറത്തേക്കിറങ്ങി. ടുറിസ്റ്റുകളെ കൂട്ടി വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കായി നിരവധി കാറുകൾ പോർച്ചിൽ നിരന്നിരുന്നു.
ഞങ്ങളുടെ ഡ്രൈവർ വിനോദ്ജി, പതിവുപോലെ ശാന്തമായ, ഊഷ്മളമായ പുഞ്ചിരിയോടെ ഞങ്ങളെ സ്വാഗതം ചെയ്യാൻ അവിടെയുണ്ടായിരുന്നു. അന്നത്തെ യാത്ര തുടങ്ങാൻ തയ്യാറായി ഞങ്ങളും കാറിൽ കയറി.
ഞങ്ങളുടെ ആദ്യ ലക്ഷ്യസ്ഥാനങ്ങൾ ഹോട്ടൽ ഒപ്പൂലെൻസിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ അകലെയുള്ള മൺസൂൺ പാലസ് അഥവാ സജ്ജൻ ഗഡ് കൊട്ടാരവും അതിനോട് ചേർന്നുള്ള ബയോളജിക്കൽ പാർക്കുമായിരുന്നു.
യാത്രയ്ക്കിടയിൽ, പഴയ പൈതൃക കെട്ടിടങ്ങളും ആധുനിക ബഹുനില കെട്ടിടങ്ങളും ചേർന്ന ഉദയ്‌പൂർ നഗരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ഞങ്ങൾ കണ്ടു.
വഴിയിൽ കളക്ടറേറ്റ്, മെഡിക്കൽ കോളേജ്, ചില ക്ഷേത്രങ്ങൾ എന്നിവയും കടന്നുപോയി. നഗരം പിന്നിട്ട് പുറത്തേക്ക് ഒരു ഏകദേശം 40 മിനിറ്റ് മിനിറ്റ് യാത്രയ്ക്ക് ശേഷം രാവിലെ 9:40-ന് ഞങ്ങൾ മൺസൂൺ പാലസിൻ്റെ സ്ഥലത്തെത്തി.
കൊട്ടാരത്തിലേക്കും ബയോളജിക്കൽ പാർക്കിലേക്കുമുള്ള പ്രധാന കവാടങ്ങളും ടിക്കറ്റ് കൗണ്ടറുകളും അടുത്തടുത്തായിരുന്നു. ഞങ്ങളുടെ വാഹനം കൊട്ടാര വളപ്പിലേക്ക് പ്രവേശിക്കാൻ അനുവദിച്ചു, തുടർന്ന് പച്ചപ്പ് നിറഞ്ഞ വനത്തിലൂടെ ചുറ്റി വളഞ്ഞുപോയ ഏകദേശം 4-5 കിലോമീറ്റർ നീളമുള്ള റോഡിലൂടെയുള്ള യാത്ര മനോഹരമായിരുന്നു.
കുത്തനെയുള്ള, വളവുകളുള്ള ഈ പാതയിലൂടെയുള്ള യാത്ര അവിസ്മരണീയമായിരുന്നു.
മൺസൂൺ പാലസ്
മലമുകളിൽ എത്തിയപ്പോൾ മൺസൂൺ പാലസിൻ്റെ (ഔദ്യോഗികമായി സജ്ജൻ ഗഡ് കൊട്ടാരം എന്നറിയപ്പെടുന്നു) അതിമനോഹരമായ കാഴ്ചയാണ് ഞങ്ങൾക്ക് ലഭിച്ചത്.
ഈ കൊട്ടാരം 1884-ൽ മഹാറാണ സജ്ജൻ സിംഗാണ് പണികഴിപ്പിച്ചത്. പിന്നീട് ഇത് മൺസൂൺ കൊട്ടാരമായും രാജകീയ വേട്ടയാടൽ കേന്ദ്രമായും ഉപയോഗിച്ചു.
രാജസ്ഥാനി വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമായി ഇന്ന് ഈ കെട്ടിടം നഗരത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്നു.
അകത്ത് പ്രവേശിച്ചപ്പോൾ കൊട്ടാരത്തിൻ്റെ പ്രൗഢി ഞങ്ങളെ ആകർഷിച്ചു. ഉൾഭാഗം വലുതല്ലായിരുന്നെങ്കിലും, പരമ്പരാഗത രാജസ്ഥാനി, യൂറോപ്യൻ വാസ്തുവിദ്യാ ശൈലികളുടെ മനോഹരമായ സംയോജനമായിരുന്നു ഇവിടെ. ഭിത്തികളിൽ ചിത്രങ്ങളും മഹാരാജാസ സജ്ജൻസിങ് ഉൾപ്പെടെയുള്ള ചില രാജകുടുംബാംഗങ്ങളുടെ ഛായാചിത്രങ്ങളും അലങ്കരിച്ചിരുന്നു.
മനസ്സിലേക്ക് ഒരു ഗാനം

പരമ്പരാഗത രാജസ്ഥാനി വസ്ത്രം ധരിച്ച ഒരു പ്രാദേശിക കലാകാരൻ, രാവണഹത്ത എന്ന തന്ത്രിവാദ്യം വായിച്ചുകൊണ്ട് “കേസരിയ ബാലം ആവോ നി പധാരോ മ്ഹാരേ ദേശ്…” എന്ന പ്രസിദ്ധമായ രാജസ്ഥാനി ഗാനം ആലപിച്ചത് ഏറെ ഹൃദയമായി തോന്നി അത് ഞങ്ങളുടെ യാത്രയിലെ അവിസ്മരണീയ നിമിഷങ്ങളിൽ ഒന്നായി.
ആ അജ്ഞാത കലാകാരനോടൊപ്പം വീഡിയോ എടുത്തത് ഈ യാത്രയുടെ ഒരു സുവനീർ ആയി മാറി.
കാഴ്ചകൾ
കൊട്ടാരത്തിൻ്റെ മുകളിൽ നിന്ന് നഗരത്തിലെ തടാകങ്ങളുടെയും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളുടെയും വളരെ മനോഹരമായ
കാഴ്ച ലഭിക്കുന്നു. ചുറ്റുമുള്ള ലാൻഡ് സ്‌കെ പ്പുകളും, പൂന്തോട്ടവും, ആമ്പൽക്കുളവും എല്ലാം നമ്മെ പിടിച്ചു നിർത്തും.
15-16 ഡിഗ്രി മാത്രം ചൂടുള്ള സുഖകരമായ കാലാവസ്ഥയിൽ, ചെറിയ തണുപ്പുള്ള ഇളം കാറ്റേറ്റ് ചുറ്റുപാടുമുള്ള വശ്യമായ പ്രകൃതി ഭംഗി നോക്കി, എത്ര നേരം വേണമെങ്കിലും നമുക്ക് നിക്കാം. പക്ഷെ ഞങ്ങൾക്ക് മറ്റു സ്ഥാലങ്ങളിലേക്ക് യാത്ര തുടരേണ്ടതുണ്ട്.
കോമ്പൗണ്ടിലുള്ള ലഘുഭക്ഷണശാലയിൽ നിന്ന് ഞങ്ങൾ ജ്യൂസ് കുടിച്ചു. കാഴ്ചകൾ ആസ്വദിക്കുകയും ചിത്രങ്ങൾ എടുക്കുകയും ചെയ്ത ശേഷം, ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ ബയോളജിക്കൽ പാർക്കിലേക്ക് പോയി.
ബയോളജിക്കൽ പാർക്ക്
സജ്ജൻ ഗഡ് ബയോളജിക്കൽ പാർക്ക് 36 ഹെക്ടർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ മൃഗങ്ങളെ കാണാൻ സഫാരി സൗകര്യമില്ലാത്തതിനാൽ, പ്രവേശന കവാടത്തിൽ നിന്ന് നടക്കേണ്ടതുണ്ട്. ഏകദേശം ഒന്നര മണിക്കൂർ നടന്നിട്ടും പാർക്കിൻ്റെ ഒരു ഭാഗം മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിഞ്ഞുള്ളൂ.
സുരക്ഷിതമായ വേലിക്കെട്ടുകൾക്കുള്ളിൽ കലമാൻ, എമു, കടുവ, സിംഹം, കാസ്റ്റുപോത്തു് തുടങ്ങി നിരവധി മൃഗങ്ങളെ അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ കാണാൻ സാധിച്ചു. നടത്തം മതിയാക്കി ഞങ്ങൾ നഗരത്തിലേക്ക് മടങ്ങി.
1559 AD റെസ്റ്റോറന്റിലെ ഉച്ചഭക്ഷണം
ഉച്ചഭക്ഷണത്തിനായി വിനോദ്ജി തിരഞ്ഞെടുത്തത് “1559 AD റെസ്റ്റോറൻ്റ് ബിസ്ട്രോ ലോഞ്ച്” ആയിരുന്നു. ഉദയ്‌പൂർ നഗരം സ്ഥാപിച്ച ചരിത്രപരമായ വർഷത്തോടുള്ള ആദരവാണ് ഈ ഫൈൻ ഡൈനിംഗ് കേന്ദ്രത്തിൻ്റെ പേര്. നൂറിലധികം വർഷം പഴക്കമുള്ള, കൊളോണിയൽ ശൈലിയിലുള്ള ഒരു മനോഹരമായ ബംഗ്ലാവിലാണ് ഈ റെസ്റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്.
ഇവിടുത്തെ ചരിത്രപരമായ വാസ്തുവിദ്യയും അന്തരീക്ഷവും വിഭവങ്ങളും അതിമനോഹരമാണ്. ഞങ്ങൾ ഉച്ചഭക്ഷണത്തിനായി മേവാരി എഗ്ഗ് കറിയും, ബട്ടർ നാനും, സ്വീറ്റ് റായിത്തയും തിരഞ്ഞെടുത്തു, അവയെല്ലാം മികച്ചതായിരുന്നു.
പ്രതാപ് ഗൗരവ് കേന്ദ്രം: ദേശീയ തീർത്ഥാടനം
ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങൾ പ്രതാപ് ഗൗരവ് കേന്ദ്രം സന്ദർശിച്ചു. ദേശീയ തീർത്ഥാടനം എന്നും ഇത് അറിയപ്പെടുന്നു. മേവാറിൻ്റെ പെരുമയും മഹാറാണാ പ്രതാപിൻ്റെ വീരഗാഥകളും ജനങ്ങളിലേക്ക് എത്തിക്കാനായുള്ളതാണ് ഈ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ.
ധീരത, ത്യാഗം, വീര്യം എന്നിവ ചിത്രീകരിക്കുന്ന പ്രതിമകളും പ്രദർശനങ്ങളും ഇവിടെയുണ്ട്. മഹാറാണാ പ്രതാപിനെക്കുറിച്ചുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും, വിവിധ സംസ്ഥാനങ്ങളിലെ ഇന്ത്യൻ സംസ്കാരത്തെയും ദേശീയ രാഷ്ട്രീയ-ആത്മീയ നേതൃത്വത്തെയും കുറിച്ചുള്ള വിവിധ രീതിയിലുള്ള ദൃശ്യവതരണങ്ങളും (വീഡിയോ, ലൈറ്റ് & സൗണ്ട് ഷോ, ഷോർട്ട് ഫിലിം, പ്രതിമകൾ, ഡിസ്പ്ലേ എന്നിങ്ങനെയുള്ളവ) വളരെ വിജ്ഞാനപ്രദമായിരുന്നു.
ഇതെല്ലാം ദേശീയ ബോധം ഉണ്ടാക്കുന്നവയുമാണ്.
സന്ന്യാസ ഭാവത്തിലുള്ള 57 അടി ഉയരമുള്ള മഹാറാണാ പ്രതാപിൻ്റെ പ്രതിമയാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകർഷണം. കൂടാതെ ഭാരത് മാതാ മന്ദിർ, ഭാരത് ദർശൻ ദീർഘ, ചിത്രകലാ ഗാലറികൾ എന്നിവയും രാണപ്രതാപന്റെ കുതിര ചേതക്കിൻ്റെയും, കൃഷ്ണഭക്ത മീരാബായിയുടെയും പ്രതിമകളും എന്നിവയും ഇവിടെയുണ്ട്.
സാംസ്കാരിക സന്ധ്യ
ചരിത്രപരമായ സന്ദർശനത്തിന് ശേഷം, ഞങ്ങൾ സാംസ്കാരിക പരിപാടികൾക്കായി ലോക് കല കേന്ദ്രത്തിലേക്ക് പോയി. രാജസ്ഥാനി കലയുടെ നേർക്കാഴ്ചയായ കുംഭ കലാ കൃതി ഇവിടെ നടക്കാറുണ്ട്. വനിതാ കലാകാരികൾ അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങളും, പുരുഷ കലാകാരൻ അവതരിപ്പിച്ച പാവക്കൂത്തും ഞങ്ങൾ ആസ്വദിച്ചു. ഈ പ്രകടനങ്ങൾ രാജസ്ഥാനി കലയുടെയും സംസ്കാരത്തിൻ്റെയും മനോഹരമായ ചിത്രം നൽകി. രാത്രി 7 മണിയോടെ ഷോ അവസാനിച്ചു, ഞങ്ങൾ ഹോട്ടൽ ഒപ്പൂലെൻസ് ഇന്നിലേക്ക് മടങ്ങി.
യാത്രമൊഴി
ഉദയ്‌പൂരിലെ ഞങ്ങളുടെ അവസാന രാത്രിയായിരുന്നു ഇത്. അടുത്ത ദിവസം രാവിലെ 9 മണിക്ക് മൗണ്ട് അബുവിലേക്ക് പോകാനുള്ളതിനാൽ, സാധനങ്ങൾ പാക്ക് ചെയ്യാനായി ഞങ്ങൾ നേരത്തെ അത്താഴം കഴിച്ചു.
അത്താഴത്തിന് ശേഷം, റെസ്റ്റോറൻ്റ് ടീം ലീഡറായ ശ്രീ. രത്തൻ സിംഗു മായി കൂടുതൽ പരിചയപ്പെട്ടു.
റാത്തോഡ് ഞങ്ങളെ ഹോട്ടലിൻ്റെ ഏറ്റവും മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് സിറ്റി പാലസിൻ്റെയും മൺസൂൺ പാലസിൻ്റെയും ദൂരെനിന്നുള്ള ‘രാത്രി കാഴ്ച’ കാണാൻ സാധിച്ചു.
അതൊരു മനോഹരമായ യാത്രാനുഭവമായിരുന്നു. ശ്രീ റാത്തോഡിന് നന്ദി പറഞ്ഞ് യാത്ര പറഞ്ഞ്, ഞങ്ങൾ ഉറങ്ങാൻ പോയി. മനസ്സിൽ രണ്ടുദിവസം കണ്ട ഉദയപ്പൂർ കാഴ്ചകൾ നിറഞ്ഞു കൊണ്ടിരുന്നു.
മുന്നിൽ യത്രവഴികൾ നീണ്ടു കിടക്കുന്നു… അടുത്ത ദിവസം പ്രഭാതഭക്ഷണത്തിന് ശേഷം മൗണ്ട് അബുവിലേക്കുള്ള യാത്ര തുടങ്ങാൻ തയ്യാറെടുത്താണ് ഞങ്ങൾ ഉറങ്ങിയത്.
ഉദയ്പൂരിൽ നിന്ന് മൗണ്ട് അബുവിന്റെ ഉയരങ്ങളിലേക്ക്…..
അരവല്ലി മല നിരകൾ

ഹോട്ടൽ ഓപ്പലെൻസ് ഇന്നിൽ നിന്നുള്ള സുഖപ്രദമായ പ്രഭാതഭക്ഷണത്തിന് ശേഷം രാവിലെ 9:00 മണിയോടെ ഞങ്ങൾ ഉദയ്പൂരിൽ നിന്ന് യാത്ര തിരിച്ചു. ശാന്തസുന്ദരമായ മൗണ്ട് അബു ആയിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ഡ്രൈവർ വിനോദ്ജി കൃത്യസമയത്ത് തന്നെ എത്തിയിരുന്നു. അദ്ദേഹം വളരെ സുരക്ഷിതമായി, 80-90 കിലോമീറ്റർ വേഗതയിൽ ഹൈവേയിലൂടെ ഹ്യുണ്ടായ് വെർണ കാറോടിച്ചു.
160 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് ഏകദേശം 4 മണിക്കൂർ എടുക്കും. പുരാതനമായ അരവല്ലി മലനിരകളുടെ വശങ്ങളിലൂടേയും, ചിലപ്പോൾ മലനിരകൾ മുറിച്ചുമാണ് ഹൈവേ കടന്നുപോകുന്നത്. ആ കാഴ്ചകൾ ഒട്ടും വിരസമാകില്ല, എന്നറിയാമായിരുന്നു.
പുലർകാലമഞ്ഞ് മൂടിയ മലനിരകളുടെ ദൃശ്യം ഉള്ളിൽ കാവ്യ ചിന്തകൾ ഉണർത്തുന്നതായിരുന്നു.
ഇടക്ക് ഭിൽ, ഗരാസിയ ഗോത്രവർഗ്ഗക്കാർ താമസിക്കുന്ന മേഖല കടന്നു പോകണം. രാത്രികാലങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഗോത്രവർഗ്ഗക്കരുടെആക്രമണങ്ങളും വാഹനങ്ങൾ തടഞ്ഞു നിർത്തിയുള്ള മോഷണങ്ങളും ഉണ്ടാകാറുള്ളതിനാൽ ഈ ഭാഗത്തു് പകൽ സമയത്തുള്ള യാത്രയാണ് ഉത്തമമെന്ന് വിനോദ്ജി പറഞ്ഞു..
ഞങ്ങളുടെ യാത്ര പൂർണ്ണമായും പകൽ സമയത്ത് തന്നെ ആയതിനാൽ പേടിക്കേണ്ടതില്ല, പൂർണ്ണ സുരക്ഷിതരാണെന്ന് ഞങ്ങൾക്ക് തോന്നി.
11:30-ഓടെ ഞങ്ങൾ ഭീമനയിലെ ഹോട്ടൽ പ്രിയങ്കയിൽ ഒരു ഇടവേള എടുത്തു.
വിനോദ്ജിയെ പരിചയമുള്ള ഹോട്ടൽ മാനേജർ ഈശ്വർജി പുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.ഞങ്ങൾ ചായ മാത്രം കുടിച്ചു. ദീർഘനേരം തിളപ്പിച്ച പാലിൽ തയ്യാറാക്കിയ ചായ വളരെ മികച്ചതായിരുന്നു. വിനോദ്ജി അവിടെ നിന്ന് പ്രഭാതഭക്ഷണം കഴിച്ചു.
റെസ്റ്ററന്റിന് സമീപത്തു് നീണ്ടുകിടക്കുന്ന കൃഷിഭൂമി. അവിടെയുള്ളത് ജീരകക്രി ഷിയെന്നു വിനോദ്ജി പറഞ്ഞു. ‘മൗണ്ട് റോഡ്’ റെയിൽവേ സ്റ്റേഷന് കുറച്ചകളലെ യെത്തിയപ്പോൾ ഞങ്ങൾ ഹൈവേയിൽ നിന്ന് മാറി മൌണ്ട് അബു റോഡിലേക്ക് കേറി.
മൗണ്ട് അബുവിലേക്കു 30 കിലോമീറ്റർ ദൈർഘ്യമുള്ള ചുരം റോഡാണുള്ളത്. തണുപ്പ് അൽപാൽപ്പം കൂടിക്കൂടി വരികയായിരുന്നു. ആ യാത്ര ആവേശകരമായിരുന്നു. വളഞ്ഞുതിരിഞ്ഞു പോകുന്ന വനപാതയിൽ ഡ്രൈവ് ചെയ്യാൻ എനിക്ക് താല്പര്യം തോന്നിയെ ങ്കിലും,ആ ഉദ്യമം മിനി നിരുത്സാഹപ്പെടുത്തി.
ഒട്ടകത്തിന്റെയും തവളയുടെയും രൂപത്തിലുള്ള പാറക്കെട്ടുകൾ വഴിയിൽ കാണാമായിരുന്നു. വഴിയരികിൽ നിരനിരയായി ഇരുന്ന കുരങ്ങന്മാർ ഞങ്ങളെ മലനിരകളിലേക്ക് സ്വാഗതം ചെയ്യുന്നതുപോലെ തോന്നി.
ഞങ്ങൾ മൌണ്ട് അബുവിൽ എത്തി.രാജസ്ഥാനിലെ ഏക മലയോര വിനോദസഞ്ചാര കേന്ദ്രമാണ് മൗണ്ട് അബു.
ആരവല്ലി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കടുത്ത ചൂടുള്ള സമതലങ്ങളിൽ നിന്ന് ആശ്വാസം നൽകുന്നതിനാൽ “മരുഭൂമിയിലെ മരുപ്പച്ച” എന്ന് അറിയപ്പെടുന്നു. തണുത്ത കാലാവസ്ഥ, പച്ചപ്പാർന്ന വനങ്ങൾ, തടാകങ്ങൾ, എന്നിവയാൽ സമ്പന്നമാണ് ഇവിടം.
അതിമനോഹരമായ കൊത്തുപണികളാൽ വിസ്മയിപ്പിക്കുന്ന ദിൽവാര ക്ഷേത്രങ്ങൾ, ബോട്ടിംഗിന് സൗകര്യമുള്ള ശാന്തമായ നക്കി തടാകം, ഏറ്റവും ഉയർന്ന കൊടുമുടിയായ ഗുരു ശിഖർ, സൺസെറ്റ് പോയിന്റ് എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.
ഞങ്ങൾക്ക് പരിമിതമായ സമയമേ മൌണ്ട് അബുവിൽ കിട്ടുകയുള്ളൂ. നാളെ ഉച്ചക്ക് മുൻപ് മടങ്ങേണ്ടതുണ്ട്. അതിനാൽ തിരഞ്ഞെടുത്ത കുറച്ച് സ്ഥലങ്ങൾ മാത്രമേ സന്ദർശിക്കാൻ കഴിയൂ.
ദിൽവാരക്ഷേത്രം

സമയം വളരെ കുറവായതിനാൽ ഹോട്ടലിൽ ചെക്ക്-ഇൻ ചെയ്യുന്നതിന് മുൻപ് തന്നെ ദിൽവാര ജൈന ക്ഷേത്രങ്ങൾ സന്ദർശിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഉച്ചക്ക് 12:15-ഓടെ ഞങ്ങൾ അവിടെ എത്തി. 11-ാം നൂറ്റാണ്ടിനും 13-ാം നൂറ്റാണ്ടിനും ഇടയിൽ നിർമ്മിക്കപ്പെട്ട ഈ അഞ്ച് മാർബിൾ ക്ഷേത്രങ്ങൾ ജൈന കലയുടെ വിസ്മയങ്ങളാണ്.
അകത്തേക്ക് കടന്നപ്പോൾ പാദങ്ങളിൽ മാർബിൾ തറയിലെ തണുപ്പ്. ശാന്തമായ ക്ഷേത്രാന്തരീക്ഷം മനസ്സിൽ ശാന്തത നൽകി. തൂണുകളിലും മേൽക്കൂരയിലുമുള്ള കൊത്തുപണികൾ അതിമനോഹരമായിരുന്നു.
വിമൽ വാസാഹി, ലൂണ വാസാഹി തുടങ്ങിയ ക്ഷേത്രങ്ങൾ നൽകുന്ന ആത്മീയ അനുഭവം സമാനതകളില്ലാത്തതാണ്.
ക്ഷേത്ര ദർശനത്തിന് ശേഷം ഞങ്ങൾ അടുത്തുള്ള ചെറിയ റെസ്റ്റോറന്റിൽ നിന്നും ചപ്പാത്തിയും വെജിറ്റബിൾ കറിയും കഴിച്ചു.
ചാച്ച് പിയോ…

വഴിയരികിൽ ബട്ടർ മിൽക്ക് വിൽക്കുന്ന ഒരു സ്ത്രീയോടൊപ്പം രസകരമായ കുറച്ചു നിമിഷങ്ങൾ ഞങ്ങൾ ചിലവഴിച്ചു. ഞങ്ങൾ രണ്ടുപേരും, വലിയ കുടത്തിൽ മത്ത് ഉപയോഗിച്ച് തൈര് കടയുന്നതിൽ അവരോടൊപ്പം പങ്കുചേർന്നു.
“ചാച്ച് പിയോ… ചാച്ച് പിയോ!” എന്ന് അവരെപ്പോലെ
ഞങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞു….
പക്ഷെ ആരും ബട്ടർ മിൽക്ക് വാങ്ങാനെത്തിയില്ല!!
പീസ് പാർക്ക്
ഉച്ചകഴിഞ്ഞ് ഞങ്ങൾ ബ്രഹ്മാകുമാരി പീസ് പാർക്ക് സന്ദർശിച്ചു. നിശബ്ദതയും പച്ചപ്പും നിറഞ്ഞ ഒരു ആത്മീയ കേന്ദ്രമാണിത്. ശുഭ വസ്ത്രധാരികളായ കുറെ ഏറെ ബ്രഹ്മാകുമാരി വനിതകളും,
ഞങ്ങളെപ്പോലെയുള്ള കുറെ സന്ദർശകരും അവിടെ ഉണ്ടായിരുന്നു. ശാന്തമായ വൃത്തിയും വെടി പ്പുമുള്ള അന്തരീക്ഷം ആകർഷകമായിരുന്നു. അവിടുത്തെ റോക്ക് ഗാർഡനും ജ്യോതിർലിംഗ ക്ഷേത്രങ്ങളുടെ ലഘുരൂപങ്ങളും ഞങ്ങൾ കണ്ടു.
വൈകുന്നേരം 4:30-ന് ഞങ്ങൾ ‘മനേക് മനോർ’ ഹോട്ടലിൽ എത്തിച്ചേർന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച കൊളോണിയൽ ശൈലിയിലുള്ള മനോഹരമായ ഒരു ഹോട്ടലാണിത്. പഴയകാല ഫർണിച്ചറുകളും ആധുനിക സൗകര്യങ്ങളും ഒത്തുചേർന്ന ഒരു മുറിയായിരുന്നു ഞങ്ങൾക്ക് ലഭിച്ചത്.
കുന്നിൻ മുകളിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ നിന്നാൽ താഴെ ആരാവള്ളി മലനിരകൾ. മുന്നിലെ ഗാർഡനിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഇരിപ്പിടങ്ങളും ഡൈനിംഗ് ടേബിളുകളും.
സൺ സെറ്റ് വ്യൂ
വൈകുന്നേരം ഞങ്ങൾ 3 km അകലെയുള്ള ‘സൺസെറ്റ് പോയിന്റിലേക്ക്’ പോയി. മലമുകളിലേക്ക് പോകാൻ മനുഷ്യർ വലിക്കുന്ന ട്രോളികൾ ലഭ്യമാണെങ്കിലും, യുവാക്കൾ നമ്മുടെ ഭാരം വലിക്കുന്നത് അസ്വത ഉണ്ടാക്കുമെന്നതിനാൽ ഞങ്ങൾ കുതിരപ്പുറത്ത് പോകാൻ തീരുമാനിച്ചു.
ഇരുന്നൂറ് രൂപ നൽകി രണ്ടുപേരും കൂടി ഒരു കുതിരപ്പുറത്തു
കേറി. കുതിരപ്പുറത്തെ സീറ്റ് അത്രകണ്ടു സുഖകരമായിരുന്നില്ല. എങ്കിലും ആ യാത്ര ഞങ്ങൾ ആസ്വദിച്ചു.
മേഘങ്ങൾ കാരണം സൂര്യാസ്തമയം അതിന്റെ പൂർണ്ണതയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും, കുന്നിൻ മുകളിലേക്കുള്ള കുതിര സവാരിയും, കുന്നിൻ മുകളിലെ അന്തരീക്ഷവും ആൾക്കൂട്ടവും എല്ലാം ചേർന്ന് മറക്കാനാവാത്തഒരനുഭവമായി.
നക്കി തടാകം

സമയം രാത്രി ഏഴു മണി കഴിഞ്ഞു. ഞങ്ങൾ നക്കിതടാക സ്ഥലത്തു് എത്തി. ദേവന്മാർ നഖം കൊണ്ട് കുഴിച്ചെടുത്തതാണ് ഈ തടാകം എന്നാണ് ഐതിഹ്യം. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം ഇവിടെ നിമജ്ജനം ചെയ്തിട്ടുണ്ട്.
നിലാവ് നിറഞ്ഞ രാത്രി. ചന്ദ്രപ്രകാശത്തിൽ തിളങ്ങുന്ന തടാകം.
തീരത്തെ കെട്ടിടങ്ങളിൽ നിന്നും, തടാകക്കരയിൽ നിന്നും ഉള്ള ലൈറ്റുകളും കൂടി തടാകത്തിൽ പ്രതിഫലിച്ചപ്പോൾ, ആകാശത്തും, തടാകത്തിലും വർണ്ണ പ്രഭ നിറഞ്ഞു.
രാത്രിയായിട്ടും തടാകത്തിൽ ബോട്ട് യാത്രക്ക് നല്ല തിരക്കുണ്ടായിരുന്നു. പെടൽ ബോട്ടുകളും തുഴയുന്ന ബോട്ടുകളും നിറഞ്ഞ തടാകം.
ബോട്ടു യാത്രക്ക് ശേഷം, ഞങ്ങൾ തീരത്തുകൂടി അൽപ്പം ചുറ്റി നടന്നു. ചുറ്റുപാടും കുറെയേറെ ഹോട്ടലുകളും, കടകളും. എങ്ങും നിറയെ ആളുകളുടെ തിരക്ക്. രാത്രി 9 മണി ആയി. തണുപ്പ് വീണു തുടങ്ങിയിരുന്നു.
തിരികെ ഹോട്ടലിലേക്ക് പോകുന്നതിന് മുൻപ് ഞങ്ങൾ ‘ഗേറ്റ്‌വേ ടു പാരഡൈസ്’ എന്ന മ്യൂസിയം കൂടി സന്ദർശിച്ചു. ബ്രഹ്മാകുമാരി പ്രസ്ഥാനത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനത്തിന്റെ ഭാഗമാണിത്.
ശിവഭഗവാനിൽ നിന്നുള്ള ദിവ്യജ്ഞാനം വിവരിക്കുന്നയുൾപ്പെടെ ഒട്ടേറെ പ്രദർശനങ്ങളു ണ്ടിവിടെ. രാത്രി ആയതിനാൽ അവിടെയുള്ള പൂന്തോട്ടവും ലാൻഡ് സ്‌കേപ്പുകളും നന്നായി കാണാൻ കഴിഞ്ഞില്ല. ആത്മീയ വിജ്ഞാനം പകരുന്ന പുസ്തകങ്ങൾ വില്പനക്കുണ്ട്.
ഞങ്ങൾ ഹോട്ടലിൽ തിരിച്ചെത്തി ഡിന്നർ കഴിച്ചു.ഞങ്ങളുടെ ആവശ്യപ്രകാരം എരിവ് കുറച്ച് പ്രേത്യേകം തയ്യാറാക്കിയ ബട്ടർനാൻ,ജീര റൈസ്, പനീർക്കറി, ഓംലെറ്റ് രസഗുള എല്ലാം ചേർന്നുള്ള ഭക്ഷണം ഗാർഡനിലെ മങ്ങിയ വെളിച്ചത്തിൽ, കഴിച്ചപ്പോൾ പ്രേത്യേക സ്വാദ് തോന്നി.
അധർ ദേവി ക്ഷേത്രം (ആർബു ദാ ദേവി ക്ഷേത്രം)
പുതിയ ദിനം രാവിലെ 6:മണിക്ക് -ന് തന്നെ ഞങ്ങൾ ഉണർന്നു. ചെറിയതണുപ്പ് ഉണ്ട്. ചായയുണ്ടാക്കി കുടിച്ചു. പെട്ടെന്ന് കുളിച്ചു റെഡിയായി ഹോട്ടൽ ജീവനക്കാർ പറഞ്ഞ പ്രകാരം പ്രഭാതഭക്ഷണത്തിന് മുൻപ് തന്നെ അധർദേവി ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു.
ഇത് ഞങ്ങളുടെ ഹോട്ടലിൽ നിന്നും വരെ അടുത്ത് നടന്നു പോകാവുന്ന ദൂരത്തു തന്നെ ആണ്. ഏതാണ്ട് 360 കോൺക്രീറ്റ് പടികൾ കയറി വേണംമുകളിൽ എത്താൻ. യാത്രാ വഴിയിൽ കീരികളെയും പക്ഷികളെയും കുരങ്ങന്മാരെയുമെല്ലാം ധാരാളമായി കാണാമായിരുന്നു.കരടികളുടെ സാന്നിദ്ധ്യത്തെ ക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ വഴിയിൽ കണ്ടു.
മലമുകളിലേക്ക് കയറുമ്പോൾ, നമുക്ക് ആരവല്ലി
മലനിരകളുടെയും താഴെയുള്ള ‘അബു ടൗണി’ന്റെയും മനോഹരമായ കാഴ്ച ലഭിക്കുന്നു. ഒറ്റപ്പാറയിൽ കൊത്തിയെടുത്തതാണ് ഈ അത്ഭുത ക്ഷേത്രം.
ഒരു ചെറിയ ഗുഹയിലൂടെ ഇഴഞ്ഞുനീങ്ങിയാണ് ശ്രീകോവിലുള്ള ഭാഗത്തേക്ക് കടക്കേണ്ടത്. വെളിച്ചമുണ്ടെങ്കിലും, ഞങ്ങൾ അല്പം പരിഭ്രമിച്ചാണ് ഉള്ളിലേക്ക് ഇഴഞ്ഞു കയറിയത്.
ഗുഹക്കുള്ളിൽ കടന്നാൽ നമുക്ക് നിവർന്നു നിൽക്കാം. അവിടെ ഒരേ സമയം 20 പേർക്കെങ്കിലും നിൽക്കാം. ഉൾഭാഗം വെണ്ണക്കൽ മാർബിൾ പതിച്ച തറയും ഭിത്തികളോടും കൂടി യുള്ളതാണ്. ആകർഷകമായ ദേവി വിഗ്രഹത്തിന് മുൻപിൽ, ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ, പൂജ നടക്കുന്നുണ്ടായിരുന്നു.
ഗുഹാക്ഷേത്രത്തിലെ ദേവീദർശനം ഒരു പുതിയ അനുഭവമായിരുന്നു. ഗുഹാക്ഷേത്രത്തിൽ നിന്നും അങ്ങോട്ട് കേറിയ രീതിയിൽ തന്നെ നിലത്തു കിടന്ന് ഇഴഞ്ഞിറങ്ങി ഞങ്ങൾ പുറത്തു വന്നു.
ക്ഷേത്ര വളപ്പിൽ നിന്ന് നോക്കിയപ്പോൾ പച്ചപ്പ് നിറഞ്ഞ വനനിരകളുടേയും ആരവല്ലി മലനിരകളു ടേയും, ദൃശ്യങ്ങൾ, പുതിയ കാഴ്‌ച്ചാനുഭവമായി. പത്തുമണിയോടെ ഞങ്ങൾ തിരിച്ചു ഹോട്ടലിൽ എത്തി. പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ഉദയ്പൂരിലേക്ക് മടങ്ങി.
വീണ്ടും ഒരിക്കൽ കൂടി വനത്തിന്റെയും പർവത നിരകളുടെയും കാഴ്ചകൾ. ഉച്ചക്ക് ഒരുമണിയോടെ ഞങ്ങൾ ഉദയപ്പൂർ എത്തി.
ഉച്ചക്ക് ശേഷം ജിത്തുവിന്റേയും ചാരുവിന്റേയും വിവാഹ ആഘോഷങ്ങളിൽ ഞങ്ങൾ പങ്കുചേർന്നു. ആചാരങ്ങളും സംസ്ക്കാരത്തനിമയും നിറഞ്ഞുനിന്ന രണ്ട് ദിവസങ്ങൾ.
വിവാഹചടങ്ങുകൾ ഞങ്ങൾക്ക് തികച്ചും വ്യത്യസ്തമായ ഒരു സാംസ്കാരിക അനുഭവ നൽകി. വൈവിധ്യമാർന്ന അനുഷ്ടാനങ്ങളും, വർണ്ണാഭമായ നൃത്തങ്ങളും
തികച്ചും പുതുമയുള്ള ഉത്തരേന്ത്യൻ ഭക്ഷണവും,
എല്ലാം കൗതുകകരവും ആസ്വാദ്യ കരവുമായി.
രണ്ട് ദിവസങ്ങളിലായി ഏതാണ്ട് പത്തോളം ചടങ്ങുകളിൽ ഞങ്ങൾ പങ്കെടുത്തു.
വിവാഹച്ചടങ്ങുകൾ പൂർണ്ണമായും പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഞങ്ങൾ നാട്ടിലേക്കു മടങ്ങി.










