പൂഴിമണ്ണിൽ തെളിഞ്ഞ അക്ഷരങ്ങൾ

ഒരു നാട്ടിൻ പ്രദേശത്തായിരുന്നു, എൻ്റെ ബാല്യകാലം.

അധ്യാപക നായിരുന്ന അച്ഛനായിരുന്നു എന്നെ എഴുത്തി നിരുത്തി അക്ഷര പഠനത്തിന് ആരംഭം കുറിച്ചത് . ആ ദിവസം ഓർമ്മയിലില്ല മാതാപിതാക്കൾ പറഞ്ഞുള്ള അറിവ് മാത്രം.

1968-69 കാലം.

ആശാട്ടി വീട്ടിൽ വന്നു അക്ഷരങ്ങൾ പഠിപ്പിക്കുന്നത് ഓർമ്മയുണ്ട്. 

അദ്ധ്യാപകരായിരുന്ന അമ്മയും അച്ഛനും സ്കൂളിലേക്ക് പോകും മുൻപ് ആശാട്ടി എത്തും. ചേട്ടനും സ്കൂളിൽ പോയിരിക്കും. ഞാനും വല്യമ്മച്ചിയും (അച്ഛൻ്റെ അമ്മ) യും മാത്രമാകും അപ്പോൾ വീട്ടിൽ.

കമലയാശാട്ടിക്ക് അന്ന് 20 വയസ്സിൽ താഴെആയിരുന്നിരിക്കും പ്രായം.

നാരായം കൊണ്ട് അക്ഷരങ്ങളെഴുതിയ ഓലകളും; പൂഴിമണ്ണിൽ അക്ഷരങ്ങളെ ഴുതുന്നതും ഇപ്പോഴും മറന്നിട്ടില്ല.

ഗണക സമുദായത്തിൽപ്പെട്ട ആശാട്ടിയുടേത്‌ പാരമ്പര്യ വൈദ്യൻമാർടെയും കുടുംബമായിരുന്നു. മലയാള ഭാഷയും സംസ്‌കൃതവും അറിയാമായിരുന്നു. 

ആശാട്ടിക്ക് അവരുടെ വീട്ടിൽ എഴുത്തു കളരി ഉണ്ടായിരുന്നെങ്കിലും ഞങ്ങളെ വീട്ടിൽ വന്നു പഠിപ്പിക്കുകയായിരുന്നു.

എൻ്റെ നൈസർഗിക വാസനയിൽ, ഇടതു കൈകൊണ്ട് എഴുതാൻ അനുവദിച്ചത് അധ്യാപകരായിരുന്ന മാതാപിതാക്കളുടെയും, ആശാട്ടിയുടെയും തീരുമാനമായിരുന്നു എന്നാണ് പിൽക്കാലത്തറിഞ്ഞത്.

ആശാട്ടി ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. അവർ എന്നും എന്നിൽ, നിറവുള്ള സ്നേഹമായിരുന്നു…അനുഗ്രഹമായിരുന്നു.   വളർന്നു വലുതായിട്ടും,  “ഹരിമൊട്ടെ, മോനെ” എന്ന് വിളിച്ചു് ചേർത്ത് പിടിക്കുമായിരുന്നു.

നിറുകയിൽ ചുംബിച്ഛനുഗ്രഹിക്കുമായിരുന്നു.

അച്ഛൻ തുടങ്ങിവെച്ച അക്ഷര പഠനം വി ജ്ഞാനമായി  എന്നിൽ ഉറപ്പിച്ചു വളർത്തിയത് ആശാട്ടിയായിരുന്നു.

എൻ്റെ  ദൈനംദിന പ്രാർത്ഥനയിൽ എന്നും  ആശാട്ടിയുണ്ട്.

സ്നേഹമായി, അറിവായി, എന്നിൽ പ്രകാശം ചൊരിയുന്ന   “അക്ഷരദേവിക്ക്”  എൻ്റെ സ്നേഹാഞ്ജലി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top