വേരിൻ്റെ വേരുകൾ

Village in Kerala

ഗ്രാമത്തിലെ പ്രധാന റോഡിൽ നിന്ന് താഴേക്കു, തട്ട് തട്ടായി ചരിഞ്ഞു കിടക്കുന്ന ഭൂമി. ഒരു തട്ടിൽ ഓടിട്ട ചെറിയ വീട്ടിൽ ആയിരുന്നു എൻ്റെ ബാല്യകാലം.


ചരിഞ്ഞ ഭൂമിയുടെ താഴെത്തട്ടിൽ, വെള്ളം ഒഴുകുന്ന കൈത്തോട്. പിന്നെ, നെൽ കൃഷിയുള്ള പാടശേഖരം. പാടശേഖരത്തിനു അക്കരെ മറ്റൊരു കൈത്തോട്.

പാടത്തിന് അക്കരെയുള്ള കൈത്തോട് കഴിഞ്ഞാൽ, വീണ്ടും മുകളിലോട്ടു ഉയർന്നുയർന്ന് തട്ട്തട്ടായി ചരിഞ്ഞു കിടക്കുന്ന ഭൂമി. ആ ചരിവിന്റെ മുകൾത്തട്ടിൽ എത്തിയാൽ മണ്ണിട്ട മറ്റൊരു നാട്ടുറോഡ്.

വയൽക്കരയിൽ തെങ്ങും കമുങ്ങും നിറഞ്ഞിരുന്നു. എങ്ങും പച്ചപ്പ് ഒരുക്കി വെച്ചപോലെ. ഏകാന്തതകൾ, ചിന്തകളാൽ ധന്യമായി. താഴ്‌വാരങ്ങളിൽ–തൊടികളിൽ–ഒറ്റയ്ക്ക് നടക്കുമ്പോൾ, തുമ്പികളും പൂമ്പാറ്റകളും കൂട്ട് വന്നു. തെങ്ങോലത്തുമ്പിലെ കുരുവിക്കൂടുകളിൽ നിന്നും കുരുവികൾ പറക്കുന്നത് കാണാനേറെ നേരം കാത്തു നിന്നു.

തോട്ടിലെവെള്ളത്തിൽ തെങ്ങിൻ വെള്ളക്കകൾ ഒഴുക്കിവിട്ടു. അവ ചിലതൊക്കെ ഒഴുകാതെ തടഞ്ഞു നിന്നു.

വീടിൻ്റെ എതിർവശം, പാടത്തിന് അക്കരെയുള്ള കുന്നിലാണു അടുത്തുള്ള വീട്. വയൽക്കരയിൽ, അലക്കുകാരൻ പാച്ചൻ, കൊല്ലൻ ചെല്ലപ്പൻ, കാളവണ്ടിക്കാരൻ ദേവസ്യാമാപ്പിള എന്നിവരുടെ ഓലക്കുടിലുകൾ.

വൈദ്യുതി വിളക്കുകൾ എത്തിയിട്ടില്ലാത്ത അവിടെ സന്ധ്യ മയങ്ങുമ്പോൾ തന്നെ ഇരുട്ട് വ്യാപിക്കും—പാടത്തെ തവള കളും, ചീവീടും ഉണ്ടാക്കുന്ന ശബ്ദം മാത്രം. ഇരുട്ടിനുള്ളിൽ ഇരുട്ട് നിറയുന്ന പോലെ.

കൊല്ലൻ ചെല്ലപ്പൻ ഗ്രാമത്തിൽ ചന്തയുള്ള ദിവസങ്ങളിൽ രാവിലെ മാത്രമേ റോഡിലെ ജംഗ്ഷനിലേക്ക് പോകുകയുള്ളു. കള്ളുകുടിക്കാത്ത അയാൾ അധ്വാനി ആയിരുന്നു. എന്നും രാത്രിയുടെ രണ്ടാം യാമം വരെ അയാൾ, ആലയിൽ ഇരുമ്പിനോട് പൊരുതി, നാട്ടിലെ വണ്ടിക്കാളകൾക്ക് ലാടംഉണ്ടാക്കികൊണ്ടിരുന്നു.

പകൽനേരം കാളകൾക്ക് ലാടംതറക്കും. തൂമ്പകൾ മൂർച്ച കൂട്ടും. ഇടക്ക് പിച്ചാത്തിയും, വെട്ടുകത്തിയും ഉണ്ടാക്കും. ഇരുമ്പ് ചുടാൻ ഭാര്യ ഗൗരി ഒലയൂതി, രാത്രി വൈകുവോളം കൂട്ടിരുന്നു.

രാത്രി 10 മണിക്ക് ഗ്രാമത്തിലൂടെയുള്ള അവസാനത്തെ ബസ്സും വന്നുപോയി. കടകൾ നേരത്തെ അടഞ്ഞു. കള്ളുഷാപ്പാണ് അവസാനം അടക്കുന്നത്. പതിവുപോലെ അലക്കുപാച്ചൻ കുറച്ചു മാത്രം കുടിച്ചു. കൂടുതൽ കുടിക്കാൻ അയാൾക്ക്‌ കയ്യിൽ കാശുണ്ടാകില്ല.

ദേവസ്യാമാപ്പിളയും സർവ്വേയർ അപ്പുവും മറ്റുപലരും പതിവ് തെറ്റാതെ കുടിച്ചപ്പോൾ, അവരുടെ ഉള്ളിൽ സ്നേഹവും, വെറുപ്പും, പകയും, പരാതിയും തിരയിളകി. മദ്യം ഉള്ളിൽ പിടിച്ചപ്പോൾ അവർ ചിരിച്ചു. ചിലപ്പോൾ കരഞ്ഞു. മനസ്സിൽ നിറഞ്ഞ മദ്യത്തിൽ നുരഞ്ഞു തമ്മിലിടഞ്ഞു. പിണങ്ങിയുമിണ ങ്ങിയും, അവർ വീട്ടിലേക്കു മടങ്ങി.

ഗ്രാമത്തിൽ രാത്രിപൂക്കുമ്പോൾ, അലക്കുകാരൻ പാച്ചനും, കാളവണ്ടി ദേവസ്യായും, ചൂട്ടു കത്തിച്ചു  വെളിച്ചമൊരുക്കി, ഷാപ്പുവിട്ട് വീട്ടിലേക്കു മടങ്ങി. മദ്യലഹരിയിൽ കാളവണ്ടിക്കാരൻ ദേവസ്യാമാപ്പിള നാവ് തെളിഞ്ഞും തെളിയാതെയും  പാടി…’അന്നമ്മോ….കറി പപ്പാസ്…’ അയാളുടെ ഉള്ളിൽ അപ്പോൾ അന്നമ്മ വെക്കുന്ന കാളയിറച്ചിക്കറിയുടെ രുചി വന്നു  മറഞ്ഞു.

അന്നമ്മപ്പെമ്പിള അങ്ങ് ദൂരെ ദേവസ്യാച്ചൻ്റെ പാട്ട് കേട്ടു മയക്കത്തിൽ നിന്നുണർന്നു. കപ്പയും കഞ്ഞിയുംമീൻകറിയും, മുളകുചമ്മന്തിയും എടുത്തുവെച്ചു. പപ്പാസ് കറി  ദേവസ്യയുടെ ഓർമ്മയിലും പാട്ടിലുമൊതുങ്ങി

അലക്ക് പാച്ചൻ്റെ വീട്ടിൽ കഞ്ഞി ഇല്ലായിരുന്നു. അയാൾ വീട്ടിലെത്തിയപ്പോൾ ഭാര്യ ‘ലക്ഷ്മിയവർ’ ഉറങ്ങിയിരുന്നു. അയാളാരെയും ഉണർത്താതെ ഗ്രാമത്തിൻ്റെ വിഴുപ്പുതുണികളുടെ ഗന്ധമേറ്റുറങ്ങി.

എന്നും ദിവസാന്ത്യത്തിൽ താഴ്‌വാരത്തിലെ പുരുഷൻമാർ ഇങ്ങനെ വീട്ടിൽ ചേക്കേറുമ്പോൾ , ദാരിദ്രം വിറങ്ങലി പ്പിച്ച, ഭക്ഷണപ്പാത്ര വുമായി അവരുടെ ഭാര്യമാർ കാത്തിരുന്നിരുന്നു. 

അപ്പോഴേക്കും ആണും പെണ്ണും നിറഞ്ഞ മക്കൾക്കൂട്ടം  ഉറങ്ങിയിരിക്കും. സ്ത്രീകൾ മിച്ചം കിട്ടിയ അവസാന വറ്റ് ഊറ്റിക്കുടിച്ചു. അവരുടെ വീട്ടിലെ മണ്ണെണ്ണവിളക്കുകൾ, എണ്ണവറ്റിയണഞ്ഞു. പുരുഷൻമാർ മദ്യലഹരിയിൽ തളർന്നുമയങ്ങി. സ്ത്രീകൾ ഭർത്താക്കന്മാരേയും, പെൺമക്കളെയും ഓർത്തു മനസ്സുനീറി, ഉറങ്ങാതെ ഉറങ്ങി.

കാറ്റിൽ ചാരായത്തിൻ്റെയും, കള്ളിൻ്റെയും ഗന്ധം പറന്നുപരന്നു. പുതിയപ്രഭാതത്തിലുണരാൻ വേണ്ടി ആ ഗ്രാമം ഉറങ്ങുമ്പോഴും കൊല്ലൻചെല്ലപ്പൻ്റെ ആല തണുത്തിരുന്നില്ല.

2 thoughts on “വേരിൻ്റെ വേരുകൾ”

  1. Harichetta superb great creative talent. It took us to our childhood memories the world not influenced by gadgets .Keep on writing

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top