കടലാഴം

ബാല്യത്തിൽ സ്കൂൾവിനോദയാത്രാവേളയിലായിരുന്നു ആദ്യമായി കടൽ കണ്ടത്. ആർത്തിരമ്പിയ തിരമാലകൾ അന്ന് അത്ഭുതമായി, ആമോദമായി.

സഞ്ചാരികൾ കടലിലേക്ക് വലിച്ചെറിഞ്ഞ നാണയത്തുട്ടുകൾ കടലിൽ മുങ്ങിപ്പെറുക്കുന്ന കുട്ടികൾ വിസ്മയമായി. ആദ്യമായി കടലിനെതൊട്ട കാല്പാദങ്ങളിൽ പറ്റിയ മൺതരികൾ ചെരുപ്പിനുള്ളിൽ വേദനയായി.

മനസ്സിൽ തിരകളടങ്ങാതെയാർത്തു. തീരത്തു നിന്നു മടങ്ങുമ്പോഴും,
മനസ്സിലും മിഴിയിലും തിരമാലകൾ അടങ്ങിയില്ല.

​കാലമേറെയൊഴുകി.
വീണ്ടും തമ്മിൽ കണ്ടപ്പോഴൊക്കെ,
കടൽ കാലിൽ തഴുകി ചിരിച്ചുപതഞ്ഞുപിരിഞ്ഞു.
​പിന്നെ തമ്മിൽ കാണാതെകണ്ടും അവർ തിമിർത്തു കളിച്ചു്, കടലോളം ചിരിച്ചാർത്തു.

സഹപാഠികൾക്കൊപ്പം കടലിലെയും കരളിലേയും സൗഹൃദത്തിരകളിലിറങ്ങി നിന്നു, സ്നേഹക്കടലിൽ മുങ്ങിക്കുതിർന്നു.

ഉള്ളിൽ ജലതരംഗങ്ങളടങ്ങാത്ത കടൽ, നിറഞ്ഞ മനസ്സുമായി നഗരത്തിലലഞ്ഞു. തിരനിറഞ്ഞ ഹൃദയം കടലിനോട് ചേർത്ത് വെച്ചു. എത്ര എത്ര നിറവാർന്ന കടൽക്കാഴ്ചകൾ… തീരത്തു രാത്രി പടരുംവരെ കടൽ കണ്ടു നിന്ന സ്‌മൃതികൾ.

​കടൽ തഴുകിയ കാലിലെ മണൽത്തരിമുറിവുകൾ എന്നും ആനന്ദമായി.

കടലാഴമറിഞ്ഞത് ലക്ഷദീപ് യാത്രയിൽ. ഒരു രാത്രിയിൽ ഉറങ്ങാതെ കപ്പൽ ഡക്കിൽ ഇരുന്നു കടലിന്റെ വന്യതയും ശാന്തതയും,സാന്ദ്രനി ലാവിൽ കുളിർന്നറിഞ്ഞു.

ചുറ്റും കടൽ മാത്രം.
ഹൃദയം കടലായി. കടൽ ഹൃദയമായി….
എങ്ങും കടൽ…കടൽ മാത്രം. കടലിനുള്ളിലും കടൽ നിറഞ്ഞ രാത്രി.
പിന്നെ കടൽ നിറവുറഞ്ഞു പിറന്ന ​പുലരിയിൽ മിനിക്കോയി ഉൾക്കടലിൽ നിന്നും തീരത്തേക്കുള്ള ബോട്ടു യാത്രയിൽ പെരുമഴയും ആർത്തലച്ച കടൽത്തിരമാലയും ഉള്ളു കാളിച്ചു.

പക്ഷെ ആഴിച്ചുഴി കാട്ടാതെ, ഉള്ളഴകും പവിഴപ്പുറ്റും കാണിച്ച സ്നേഹക്കടൽ, അത്ഭുതക്കടലായി ഭ്രമിപ്പിച്ചു.

വളർച്ചാഘട്ടങ്ങളിൽ വൈകാരികതയുടെ പല ഭാവങ്ങളിൽ മനസ്സിലൂറിനിറഞ്ഞ് ആഴിയൊരനുഭവമായി, അനുഭൂതിയായി-
ആനന്ദവും അസ്വസ്ഥതയും പകർന്നു.

ചിതാഭസ്മമായി മാതാപിതാക്കൾ കടലിലലിഞ്ഞപ്പോൾ
കണ്ണീരും കടലിലിറ്റി. അമ്മമഹാസമുദ്രം എന്നുമൊരു വിസ്മയം.

മനസ്സിലെ കടൽ കഥയായും, കവിതയായും അക്ഷരരൂപമാർന്നു. ഒരു പുലരിയിൽ തീരത്തെത്തി മത്സ്യ ത്തൊഴിലാളികൾക്കൊപ്പം, കടലിനെ വലയിൽ കൊരുത്തു വലിച്ചപ്പോൾ, ‘കടൽക്കനിവ്‌’ മത്സ്യങ്ങളായി, പിടച്ചു മിന്നി, മനം കവർന്നു.

വൈകാരികതകളുടെ വേലിയേറ്റങ്ങളായി- വേലിയിറ ക്കങ്ങളായി,
​കാലിൽ വെള്ളിക്കൊലുസ്സായി നുരച്ചും മണൽത്തരിയായി നോവ് പകർന്നും കടൽ ഒപ്പമുണ്ട്. ഹൃദയഭിത്തികളിൽ ഇരമ്പിയെത്തുന്ന തിരമാലകൾ, കടലിരമ്പം; ചിലപ്പോൾ ഉന്മാദമായി തിരയിളക്കം.

മനസ്സിലെ ആഴക്കടലിൽ എത്രയെത്ര ഉദയാസ്തമനങ്ങൾ നയനാനന്ദമായി!

മിനിയുമൊത്ത്, നിറഞ്ഞുതൂവുന്ന തിരമാലയിലുയർന്നും താഴ്ന്നും;
തുള്ളിക്കളിച്ചും അലകളെ മാടി വിളിച്ചും, ഭയന്നും, ഓടിയകന്നും കുതിർന്നും തളർന്നും- ജീവിതക്കടലറിയു ന്നു.

പിറവിക്കു മുൻപ് മിനിയുടെയു ള്ളിലിരുന്നു തന്നെ ഉണ്ണിക്കണ്ണൻ കടലിനെ തൊട്ടു തുടങ്ങിയിരുന്നു. മനസ്സിലെ കടലിൽ നിന്നൊരു കുമ്പിൾ, അയാൾ മകനിലേക്ക് പകർന്നു….

Comments

Leave a Reply

Your email address will not be published. Required fields are marked *