ഹൃദയത്തിലെ ഓണാക്ഷരങ്ങൾ പേനത്തുമ്പിലൂടൂറിവീണു…….
“ശ്രാവണമാസപ്പുലരിവിരിഞ്ഞു ,കേരളമാകെയുണർന്നു “
മനസ്സിൽ തൊട്ടൊരോണക്കാറ്റ്, പിന്നോട്ട് പറന്നൊരു ഗ്രാമത്തിലെത്തി.
“ഉമി”ക്കുന്നിലെ മരച്ചില്ലകളിലുലഞ്ഞ കാറ്റ് , താഴ്വാരങ്ങളിലെ തെങ്ങോലകളിൽ പടർന്നു .വീട്ടു മുറ്റത്തെ നന്ത്യാർവട്ട ചെടിയിലണഞ്ഞു പൂക്കളുതിർത്ത്,മുറ്റത്തൊരു പൂക്കളമൊരുക്കി.
.അങ്ങനെ പ്രകൃതി ഒരുക്കുന്ന പൂക്കളങ്ങളായിരുന്നു ഗ്രാമത്തിലെ പൂക്കളങ്ങൾ.
കർക്കിടകമാസാവസാനം, വീട്ടിൽ മുറ്റവും പരിസരവും ചെത്തിമിനുക്കി “ഓണം വരുത്തി” തങ്കൻ , ഓണവരവറിയിച്ചു …
.മൂന്നു കുട്ടികൾക്ക് മൂന്നു ഊഞ്ഞാലുകൾ ഇട്ട് അച്ഛൻ ഓണം ഹൃദയത്തിൽ ചേർത്തു.വല്യമ്മച്ചിയുടെ ഉള്ളിൽ താളമുണർന്നിടറിയ സ്വരത്തിലടർന്നു വീണു…..”ഓണത്തപ്പാ കുടവയറാ ,ഓണക്കറികളെന്തെല്ലാം?’
ഓണത്തപ്പൻ പറയാതെ തന്നെ അമ്മ ഓണക്കറികളെല്ലാം ഉണ്ടാക്കി .
ഓണമിങ്ങോടിയെത്തുമ്പോൾ,അമ്മ തിരക്കിലാകും .ഉപ്പേരി, ശർക്കര വരട്ടി ഒക്കെ ഉണ്ടാക്കുമ്പോൾ ,ഏത്തക്കായ് തുണ്ടുകളുടെ രൂപ ഭംഗിയിലും എണ്ണയിലുള്ള മൂപ്പിലുമെല്ലാം അമ്മ മനസ്സർപ്പിക്കും.അമ്മയുടെ സ്പർശം സ്വാദായി മാറൂം.
കാലം മുന്നോട്ട് നീക്കാൻ ഓണങ്ങളെത്തി. ഓണങ്ങളെത്താൻ കാലവുമൊഴുകി.
ഓണങ്ങളേറി ,വർഷങ്ങൾ മാറി .
കുട്ടികളോടോപ്പം ഊഞ്ഞാലും വളർന്നു…
വലിയ പ്ലാവിലെ, ഉയർന്ന കൊമ്പിൽ ഊഞ്ഞാലുകെട്ടാൻ നാറാപിള്ള പിള്ള ചേട്ടനോ , തങ്കനോ ഒക്കെ മാറി മാറി വന്നു.
അയൽ വീട്ടിലെ മാവിലും അങ്ങകലെയക്കരെ വീട്ടിലെ പ്ലാവിലും ഒക്കെ വലിയ ഊഞ്ഞാലുകളിൽ, ഓണ മനസ്സുകൾ, ആയത്തിലുയർന്നു പറന്നു.
പണ്ടാരം തങ്കപ്പൻ്റെ കുടുംബം നാട്ടുകാർക്ക് പപ്പടമുണ്ടാക്കുന്ന തിരക്കിലാണ് .വീടുകളിൽ ,പപ്പടം എണ്ണയിൽ തിളച്ചു കുമളിച്ച് ചോറിൽ പൊടിഞ്ഞപ്പോൾ ,തങ്കപ്പൻ്റെ മനസ്സ് നിറഞ്ഞു
എന്നാൽ നാട്ടിൽ എല്ലാ മനസ്സിലും ഓണം നിറവല്ല .എല്ലാ വീട്ടിലും പപ്പടം പൊള്ളി കുമളിക്കില്ല .
“പോഞ്ജാൻ രാജുവിന്” ഓണം കഞ്ചാവ് പുകയാണ്. ചുമട്ടുകാരൻ ഇത്താക്കിന് അത് ഏറുന്ന ജോലിയും, കൂട്ടുന്ന വരുമാനവുമാണ്.മാണിപ്പറക്കള്ളിക്കും, കുഞ്ഞു ചെറുക്കനും ഓണം കുമ്പിളിലെ കഞ്ഞിതന്നെ.
ദേവസ്യ മാപ്പിളക്കു ഓണം കള്ളിൻ്റെ നുരപ്പാണ്.അലക്കുകാരൻ പാച്ചൻ്റെ ബീടിപ്പുക നിറഞ്ഞ നെഞ്ചിൽ ഓണം ചുമയായി കുരുങ്ങി ഞെരുങ്ങും.
ഗ്രാമത്തിലെ ഓണത്തിൽ മദ്യം പതഞ്ഞൊഴുകും.
ചിലരിൽ ഓണം വിടർന്നു . ചിലരിൽ കരിഞ്ഞു.അങ്ങനെ വളർന്നും മെലിഞ്ഞും;തളിർത്തും വാടിയും;നുരഞ്ഞും പതഞ്ഞും ഗ്രാമത്തിൽ ഓണങ്ങൾ വന്നു പോയി.
പിന്നെയൊരിക്കൽ ഗ്രാമത്തിലെ ഓണത്തിൽ നിന്നും പറന്നകന്നു . പട്ടണത്തിലും ഓണം പൂത്തു. അമ്മയുടെ ഉപ്പേരിയും,ഓണ സദ്യയും, പ്ലാവിലെ ഊഞ്ഞാലും അന്നും കൂട്ടിനുണ്ടായിരുന്നു.ജീവിതവഴിയിൽ , നഗരത്തിൽ കുടുംബമായി നിലയുറപ്പിച്ചപ്പോഴും ,നഗരത്തിലെ ഓണത്തിമിർപ്പിലലിയാതെ , ഓണക്കാലത്ത് മുടങ്ങാതെ നാട്ടിലെത്തി. കുട്ടികൾക്ക് ഊഞ്ഞാലിട്ട്, ‘കൊച്ചുപ്പേരി’ വറുത്ത് ,അമ്മ കാത്തിരുന്നു.ഒരു ഓണക്കാലം കഴിഞ്ഞയുടനെ അച്ഛൻ വിടവാങ്ങി .വൈകാതെ അമ്മയും കൂട്ടു പോയി. അങ്ങനെ നാട്ടിലെ ഓണം ഓർമ്മകളായി .
ഓണം മനസ്സിനെ ഊഞ്ഞാലിലേറ്റും, ഉപ്പേരി കൊറിപ്പിക്കും.ഓണം അമ്മയായും അമ്മ ഓണമായും മനസ്സിലിളകും .
.കടന്നു പോകുന്ന കാലത്തിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായി ,ഓണം ഉള്ളിലണയുമ്പോൾ മനസ്സിൽ നിന്ന് വീണ്ടും അക്ഷരങ്ങളിറ്റിവീണു…….
“വിരിയുന്ന പൊന്നോണ ചാരുതേ നീ, ഒരുനാളും മായാതെ നിന്നെങ്കിൽ “