ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ

Short story originally written and published by the author in 2009.

അഞ്ച് വർഷങ്ങൾക്കു ശേഷമായിരുന്നു കുടുംബസമേതം നാട്ടിലേക്കു പോകുവാൻ രാജീവൻ തീരുമാനിച്ചത്. നാട്ടിൽ നിന്നും മുന്നൂറിലധികം കിലോമീറ്റർ അകലെയുള്ള നഗരത്തിൽ ജോലികിട്ടിയിട്ട് ഇരുപതോളം വർഷങ്ങളായി.

വിവാഹം കഴിഞ്ഞ് ഭാര്യക്കും നഗരത്തിൽ ജോലിയായി, കുട്ടികളൊക്കെയായപ്പോൾ രാജീവൻ നഗരത്തിൽ സ്ഥിരതാമസമായി. ആദ്യകാലങ്ങളിൽ ഭാര്യയും കുട്ടികളുമൊത്ത് ഓണക്കാലം നാട്ടിൽ ചില വഴിക്കുമായിരുന്നു. അച്ഛന്റേയും അമ്മയുടേയും വേർപാടോടെ ആ പതിവ് ഇല്ലാതായി.

അച്ഛനും അമ്മയും മരിച്ചതോടെ ഒരു ശൂന്യതയാണ് രാജീവന്റെ ജീവിതത്തിലുണ്ടായത്. നാട് അയാളിൽ നിന്ന് മുറിച്ച് മാറ്റപ്പെട്ടതായി രാജീവന് തോന്നി. അതുകൊണ്ടാണ് നാട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കിയത്. നാട്ടിൽ ഇപ്പോൾ ചേച്ചിയും കുടുംബവും, അമ്മയുടെയും അച്ഛന്റെയും ചില ബന്ധുക്കളുമുണ്ട്.

ചേച്ചി ഫോണിൽ സംസാരിക്കുമ്പോൾ, നാട്ടിലെ മരണങ്ങളും വിവാഹങ്ങളുമൊക്കെ അറിയും. അതൊക്കെ രാജീവനെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകും. ചെറിയ കുന്നുകളും വയലുകളും തോടുകളും ഒക്കെ നിറഞ്ഞ നന്മയുടെ ചിത്രങ്ങൾ മനസ്സിൽ തെളിയും. ധാരാളം പരിചിത മുഖങ്ങൾ, സ്നേഹം പകർന്ന സൗഹൃദങ്ങൾ; ചെളിയും പൊടിയും പച്ചപ്പും നിറഞ്ഞ വഴിത്താരകൾ എല്ലാം അയാളുടെ മനസ്സിൽ നിറയും.

നാട്ടിലെ പാടങ്ങളൊക്കെ നികത്തി റോഡുകളും കെട്ടിടങ്ങളും വരുന്നുവെന്ന് ചേച്ചി പറഞ്ഞിരുന്നു. കുന്നായ സ്ഥലങ്ങളൊക്കെ നിരത്തി മണ്ണെടുക്കുന്നു. ബാല്യത്തിൽ വിസ്‌മയമായി നിന്ന, പാണ്ഡവൻമാർ ഉമി കൂട്ടിയുണ്ടായതെന്ന് പറഞ്ഞിരുന്ന കുന്നും ഇല്ലാതായത്രെ.

ചേച്ചി എത്ര കാലമായി നിർബന്ധിക്കുന്നു. അഞ്ച് ദിവസത്തെ അവധിയുണ്ടല്ലോ രണ്ട് ദിവസം ചേച്ചിയുടെ വീട്ടിൽ നില്‌കാം. ഭാര്യയുടെ അഭിപ്രായത്തോട് അയാൾ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. എങ്കിലും അതുകേൾക്കെ അയാളുടെ മനസ്സ് ആർദ്രമായി.

ഒരിക്കൽ തനിച്ച് നാട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു “കുട്ടികളെ എപ്പോഴും കൊണ്ടുവരണം. അല്ലെങ്കിൽ ബന്ധുക്കളെയൊക്കെ അവർക്ക് അറിയാൻ കഴിയില്ല”. അമ്മയുടെ വാക്കുകൾ ഓർത്തപ്പോൾ രാജീവന്റെ മനസ്സ് തെല്ലിട അസ്വസ്ഥമായി.

“ഇത്തവണ പോയാലായി. അടുത്തവർഷം മോൻ പത്താംക്ലാസിലാ പിന്നീട് നമുക്ക് യാത്രകളൊന്നും പറ്റില്ല”. ഭാര്യ പറഞ്ഞത് ശരിയാണെന്ന് അയാൾക്കും തോന്നി.

അത്യാവശ്യ സാധനങ്ങളൊക്കെയെടുത്ത് രാവിലെ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ മകൾ പറഞ്ഞു

“അച്ഛന്റെ നാട്ടിലെ കുറെ ഫോട്ടോകൾ എടുക്കണം. നല്ല ഗ്രീനറി യൊക്കെയില്ലെ”. ആറാം ക്ലാസുകാരി മകൾക്ക് യാത്ര ചെയ്യാൻ വലിയ ഉത്സാഹമാണ്.

“നിങ്ങൾക്ക് നാട്ടിൽ താറാവിനെയൊക്കെ കാണാം”. ഭാര്യയുടെ വാക്കുകൾ രാജീവന്റെ ഉള്ളിൽ സന്തോഷം ഉളവാക്കി. നഗരത്തിൽ വളർന്നിട്ടും ഭാര്യ ഗ്രാമത്തിന്റെ ചിത്രങ്ങളൊക്കെ സ്നേഹിക്കുന്നുവല്ലോ.

“അച്ഛാ ക്യാമറ എടുത്തു വയ്ക്കട്ടെ” ഉത്തരം പറയും മുമ്പേ മകൻ ഡിജിറ്റൽ ക്യാമറ എടുത്തുകൊണ്ടു വന്നു. ഫോട്ടോഗ്രാഫിയിൽ അയാളെ പ്പോലെ അവനും താൽപര്യമുണ്ട്.

ഒരു വർഷം മുൻപ് ഡിജിറ്റൽ ക്യാമറ വാങ്ങിയപ്പോൾ തന്നെ ഒട്ടേറെ ചിത്രങ്ങൾ രാജീവന്റെ മനസ്സിൽ നിറഞ്ഞിരുന്നു. ചുരുങ്ങിയ കാലത്തിനിടയിൽ, പ്രകൃതി സൗന്ദര്യം തുടിച്ചു നിൽക്കുന്ന ധാരാളം ചിത്രങ്ങൾ രാജീവൻ എടുത്തു.

ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമായി കടൽത്തീരത്തേക്കും നഗരത്തിനു വെളിയിൽ കായലാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഗ്രാമത്തിലും അയാൾ യാത്ര ചെയ്‌തു. ഭാര്യയുടെയും കുട്ടിക ളുടെയും വിവിധ ആംഗിളുകളിലുള്ള ചിത്രങ്ങളും അയാൾ എടുത്തു. ആ ഫോട്ടോകൾ കംപ്യൂട്ടറിൽ ഇട്ടുകാണുമ്പോൾ രാജീവന് പ്രത്യേക അനുഭൂതി തോന്നുമായിരുന്നു.

നാട്ടിലേക്കു കാറോടിച്ചുപോകുമ്പോൾ, രാജീവന്റെ മനസ്സിൽ ക്യാമറാ സ്ക്രീനിലെന്ന പോലെ നാടിന്റെ ചിത്രങ്ങൾ തെളിഞ്ഞു കൊണ്ടി രുന്നു. പൊടിപിടിച്ച ഗ്രാമപാതയിലൂടെ ചെരുപ്പിടാത്ത ചെറിയ പാദങ്ങ ളൂന്നി സ്‌കൂളിലേക്ക് നടന്ന് പോയിരുന്നത് രാജീവനോർത്തു.

വഴിയിലൂടെ വല്ലപ്പോഴുമൊരിക്കൽ പൊടിപറത്തി കടന്നുപോകുന്ന സെന്റ് തോമസ് ബസ്, സൈക്കിളിൽ സോഡാക്കുപ്പികളുമായി പോകുന്ന ശ്രീധരൻ, വലിയ ഭാരവുമായി ഞരങ്ങി നീങ്ങുന്ന, വർഗ്ഗീസ് മാപ്പിളയുടെ കാളവണ്ടി, എല്ലാം രാജീവന്റെ മുന്നിൽ തെളിഞ്ഞു വന്നു. അപ്പോൾ ആ ചിത്രങ്ങളെല്ലാം ക്യാമ റയിൽ പകർത്തുന്നതായി അയാൾക്കനുഭവപ്പെട്ടു.

“ഇപ്പോൾ നാട്ടിൽ ധാരാളം മീൻ കിട്ടുന്ന സമയമാ”. ഭാര്യയുടെ ശബ്ദം രാജീവന്റെ ചിന്തകളെ മുറിച്ചു.

“അക്കാലമൊക്കെ പോയി. ഇപ്പോ, മംഗലാപുരത്തു നിന്നും വരുന്ന ഐസിട്ട മീനാ കിട്ടുക” അയാൾ പറഞ്ഞു.

നാട്ടിൽ മാത്രം കണ്ടിട്ടുള്ള ചില മീനുകളെപ്പറ്റി അപ്പോൾ രാജി വൻ ഓർത്തു. മകൻ ചില വഴിയോരക്കാഴ്‌ചകൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്നു. അവയിൽ ചിലത് ക്യാമറയിലെ സ്ക്രീനിൽ അയാളെ കാട്ടി യപ്പോൾ ഭാര്യ അവനോട് ദേഷ്യപ്പെട്ടു.

“അച്ഛൻ ഡ്രൈവ് ചെയ്യുകയാണെന്നറിയില്ലേ”.

രാജീവന്റെ ഓർമ്മകൾ വീണ്ടും സജീവമായി. വീട്ടിലെ പണിക്കാരൻ ദേവസ്യയുമൊത്ത് കളിച്ചു നടന്ന ബാല്യം എത്ര ആഹ്ളാദകര മായിരുന്നു! ദേവസ്യാച്ചന് ഇപ്പോൾ അറുപതിനടുത്ത പ്രായം കാണും. ആറാം ക്ലാസ്സ് വരെ മാത്രം പഠിച്ച ദേവസ്യാച്ചന് പല കവിതാശകലങ്ങളും മനഃപ്പാഠമായിരുന്നു. ഇപ്രാവശ്യം കഴിയുമെങ്കിൽ ദേവസ്യാച്ചനെ പോയി കാണണം.

ചെറിയ നഗരങ്ങളും ഗ്രാമങ്ങളും താണ്ടി യാത്ര തുടരുമ്പോൾ, നീണ്ട മൗനങ്ങൾക്കിടയിൽ രാജീവൻ ചിന്തകൾ ഭാര്യയോട് പങ്കുവച്ചു.

“നാട്ടിലെ വസ്തു കുറഞ്ഞ വിലയ്ക്ക് അന്ന് വിൽക്കേണ്ടിയിരുന്നില്ല. അവിടേയും ഇപ്പോൾ വസ്‌തുവിന് നല്ല വിലയാ”.

“അന്ന് ആ തുക, നമുക്ക് വീടുപണിക്ക് ഉപകാരപ്പെട്ടല്ലോ.” അവൾ രാജീവനെ ആശ്വസിപ്പിച്ചു.

രാജീവൻ കുട്ടിക്കാലം ചിലവിട്ടത് അയാളുടെ അച്ഛന്റെ നാട്ടിലാ യിരുന്നു. ഏഴാംക്ലാസ് വരെ ആ ഗ്രാമത്തിലായിരുന്നു വളർന്നതും പഠിച്ചതും. പിന്നീട് അച്ഛൻ മറ്റൊരു നാട്ടിൽ, വീടുവാങ്ങി മാറിത്താമസി ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ രാജീവൻ ജനിച്ചുവളർന്ന ഗ്രാമ ത്തിന്റെ ചിത്രങ്ങൾ മുപ്പതോളം വർഷങ്ങൾക്കു മുമ്പുള്ള ഓർമ്മകളായി ചുരുങ്ങിയിരുന്നു.

ആ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ, രാജീവന്റെ മനസ്സിൽ അയാൾ ആദ്യം പഠിച്ചിരുന്ന പ്രൈമറി സ്‌കൂളിന്റെ ചിത്രം തെളിഞ്ഞു വന്നു. അത് അയാളുടെ മനസ്സിൽ സന്തോഷം പകർന്നു.

“നാളെ നിങ്ങളെ അച്ഛൻ പഠിച്ച സ്‌കൂൾ കാട്ടിത്തരാം” രാജീവൻ കുട്ടികളോടായി പറഞ്ഞു.

“സ്കൂളിന്റെ ഫോട്ടോ എടുത്തുവയ്ക്കാം. ഇടയ്ക്കൊക്കെ അച്ഛന് കാണാമല്ലോ”.

തെല്ല് കുസൃതിയോടെ ഭാര്യ കളിയാക്കി. അത് കേൾക്കെ കുട്ടി കൾ പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ രാജീവനും പങ്കുചേർന്നു.

രാജീവന്റെ മനസ്സിന്റെ ക്യാൻവാസിൽ അയാൾ ആദ്യം പഠിച്ച സ്‌കൂളിന്റെ ചിത്രമായിരുന്നു അപ്പോൾ. ഒരു ക്രിസ്‌ത്യൻ സഭ നടത്തി യിരുന്ന, നാലാം ക്ലാസ്സ് വരെ ഓരോ ഡിവിഷൻ മാത്രമുള്ള പ്രൈമറി സ്കൂളായിരുന്നു അത്.

ഓടുമേഞ്ഞ രണ്ട് വലിയ ഷെഡ്ഡുകളെ നാല് ക്ലാസ് മുറികളായി സ്ക്രീൻവച്ച് തിരിച്ചിരുന്നു. അതിനോട് ചേർന്ന് ഹെഡ് മാസ്റ്ററും അദ്ധ്യാപകരും ഇരിക്കുന്ന ഒരു ചായ്‌പും അടങ്ങുന്നതായിരുന്നു സ്കൂൾ കെട്ടിടം. അയാൾ പഠിച്ചിരുന്ന കാലത്ത് മത്തായി സാറായിരുന്നു ഹെഡ്മാസ്റ്റർ.

ഗോവിന്ദൻ സാറിന്റെയും ഏലിയാമ്മ ടീച്ചറിന്റെയും മുഖങ്ങൾ രാജീവന്റെറെ മനസ്സിൽ തെളിഞ്ഞുവന്നു. രാവിലെ സ്‌കൂളിൽ ആല പിക്കുന്ന പ്രാർത്ഥനാഗീതം അയാളിലേക്കൊഴുകിയെത്തി. രാജീവന്റെ മനസ്സിൽ മാറിയും മറിഞ്ഞും ഓർമ്മകൾ വന്നുകൊണ്ടിരുന്നു. അവയെല്ലാം ചിത്രങ്ങളായി തന്റെ ക്യാമറയിൽ പകർത്തുവാൻ അയാളുടെ മനസ്സു കൊതിച്ചു.

നീണ്ട യാത്രയ്ക്കു ശേഷം സന്ധ്യ മയങ്ങുമ്പോഴാണ് ചേച്ചിയുടെ വീട്ടിലെത്തിയത്. കുട്ടികൾ അപ്പോഴേക്കും നല്ല മയക്കത്തിലായിരുന്നു. കുളി കഴിഞ്ഞപ്പോൾ അല്‌പം ക്ഷീണം മാറിയതായി രാജീവന് തോന്നി… ചോറും മീൻകറിയുമൊക്കെ ചേച്ചി വിളമ്പുമ്പോൾ അമ്മയുടെ സാമീപ്യം അവിടെയുള്ളതായി രാജീവന് തോന്നി.

അമ്മ വയ്ക്കുന്ന കറികളുടെ മണവും രുചിയും അയാൾക്ക് അനുഭവപ്പെട്ടു. ചേച്ചി നാട്ടിലെ വിശേഷങ്ങൾ ഓരോന്നായി പറയുമ്പോൾ പല മുഖങ്ങളും അയാളുടെ മനസ്സി ലൂടെ കടന്നുപോയി. ആ മുഖങ്ങൾ അയാളോട് പലതും സംവദിച്ചു.

സന്തോഷത്തിന്റെയും ദുഃഖത്തിന്റെയും സംതൃപ്‌തിയുടേതുമായ നിമിഷ ങ്ങളിലൂടെ അയാൾ കടന്നുപോയി. രാജീവന്റെ മനസ്സ് സാന്ദ്രമായി. രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും മനസ്സ് ഭൂതകാലത്തിലൂടെ സഞ്ചരിക്കുകയാ യിരുന്നു. രാജീവന്റെ മനസ്സിൽ നാടിന്റെ ഹൃദ്യമായ ചിത്രങ്ങൾ ഒന്നിനു പിറകെ ഒന്നായി വന്നുകൊണ്ടിരുന്നു.

പിറ്റേന്ന് ഭാര്യയും കുട്ടികളുമൊത്ത് അകലെ അച്ഛന്റെ നാട്ടിലുള്ള, താൻ ആദ്യം പഠിച്ച സ്‌കൂൾ കാണാൻ പോകുമ്പോൾ രാജീവന്റെ മനസ്സ് തുടിക്കുകയായിരുന്നു. നീണ്ട മുപ്പത് വർഷങ്ങൾക്കു ശേഷമായിരുന്നു അയാൾ ആ വഴിയിലൂടെ കടന്നുവരുന്നത്.

ഇക്കാലയളവിൽ ആ ഗ്രാമ ത്തിൽ എന്തെല്ലാം മാറ്റങ്ങൾ! വഴിയിൽ വാഹനങ്ങളുടെ തിരക്കായിരി ക്കുന്നു. എങ്ങും ധാരാളം പുതിയ കെട്ടിടങ്ങൾ നിരന്നിരിക്കുന്നു. എങ്കിലും ആ വഴിത്താരകൾ രാജീവന് ഹൃദിസ്ഥമായിരുന്നു.

“വഴിയൊന്നും മാറിയിട്ടില്ലല്ലോ”?

ഭാര്യയുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല. നല്ല ഓർമ്മയുണ്ടെന്ന മട്ടിൽ ചെറുതായി പുഞ്ചിരിക്കുക മാത്രം ചെയ്തു.

അയാൾ പഠിച്ചിരുന്ന പ്രൈമറി സ്‌കൂളിന്റെ മുന്നിലെത്തുമ്പോൾ രാജീവന് പറഞ്ഞറിയിക്കാൻ പറ്റാത്ത വിസ്മ‌യം തോന്നി. സ്കൂളിന്റെ കെട്ടിടങ്ങൾ അയാളുടെ ഓർമ്മയിലുള്ളതിനേക്കാൾ ചെറുതായാണ് കാണാൻ കഴിഞ്ഞത്. സ്‌കൂൾ മുറ്റം തീരെ ഇല്ലാതായിരിക്കുന്നു.

പണ്ടത്തെ വിശാലമായ ചുറ്റുവട്ടം, ഒരു പക്ഷേ റോഡിനുവേണ്ടി സ്ഥലമെടുത്തപ്പോൾ നഷ്ടപ്പെട്ടതാവാം. പണ്ട് മുള്ളുവേലിയായിരുന്ന സ്ഥാനത്ത് ഇപ്പോൾ ചുറ്റുമതിൽ കെട്ടി ഗേറ്റിട്ടിരിക്കുന്നു. കമ്പികൾ തുരുമ്പിച്ച് കേടായ ഗേറ്റ് പൂട്ടിയിട്ടുണ്ടായിരുന്നില്ല.

കാലപ്പഴക്കം കൊണ്ട് ഇടിഞ്ഞ് പൊളിഞ്ഞ സ്‌കൂളിന്റെ ഭിത്തിയിൽ സാൽവേഷൻ ആർമി സ്‌കൂൾ എന്ന് എഴുതിയി രുന്നത് പഴയതുപോലെ അവിടെയുണ്ടായിരുന്നു. അവധി ദിവസമായിരു ന്നതിനാൽ സ്‌കൂൾ പരിസരം വിജനമായിരുന്നു. രാജീവനും കുടുംബവും സ്കൂ‌ൾ മുറ്റത്ത് നില്ക്കുന്നത് കൗതുകപൂർവ്വം നോക്കി ചിലർ അതിലെ കടന്നുപോയി. മുന്നിലെ പാതയിലൂടെ ഒറ്റപ്പെട്ട ചില വാഹനങ്ങളും പൊയ്ക്കൊണ്ടിരുന്നു.

രാജീവൻ ചെരുപ്പുകൾ അഴിച്ചുമാറ്റി കാൽപാദം ആ മണ്ണിൽ വച്ചു. അപ്പോൾ അയാളുടെ മനസ്സ് വർഷങ്ങൾ പിന്നോട്ടുപോയി, കൺമുന്നിൽ പഴയ സ്‌കൂൾ മുറ്റം തെളിഞ്ഞു. വർണ്ണാഭമായ കാഴ്‌ചകൾ അയാൾക്കു കാണാമായിരുന്നു.

സ്‌കൂൾ മുറ്റത്ത് ആൺകുട്ടികൾ കബഡി കളിക്കുന്നതും, പെൺകുട്ടികൾ കൊത്തുകല്ല് കളിക്കുന്നതും രാജീവൻ കണ്ടു. കൂട്ടുകാരുടെ പേരുകൾ അയാൾ മറന്നിരുന്നു. എങ്കിലും അവരുടെ മുഖങ്ങൾ രാജീവന് പരിചിതമായിരുന്നു. സ്‌കൂളിലെ ബെൽ മുഴങ്ങിയ പ്പോൾ രാജീവൻ ക്ലാസ്സ് മുറിയിലേക്ക് ഓടിക്കയറി.

ഏലിയാമ്മ ടീച്ചർ പാഠ ഭാഗങ്ങൾ പഠിപ്പിക്കുന്നത് കേട്ടുകൊണ്ട് അയാൾ ശ്രദ്ധാപൂർവ്വമിരുന്നു. പാഠപുസ്‌തകത്തിലെ കവിതാ ശകലങ്ങൾ അയാൾ ശബ്ദം താഴ്ത്തി ചൊല്ലിക്കൊണ്ടിരുന്നു. അനിർവചനീയമായ ആനന്ദത്താൽ രാജീവൻ ഹൃദയം തുടിച്ചു. അയാളുടെ മനസ്സ് ഒരു ചിത്രശലഭമായി അവിടെങ്ങും പാറിനടന്നു.

“ഇത്ര ചെറുതായിരുന്നോ അച്ഛന്റെ സ്‌കൂൾ”?

മകന്റെ ചോദ്യം രാജീവനെ വർത്തമാനകാലത്തിലേക്ക് കൂട്ടി കൊണ്ടുവന്നു.

ഇരുപതിലധികം ഏക്കർ സ്ഥലത്ത് പരന്നുകിടക്കുന്ന, വലിയ നില കെട്ടിടങ്ങളുള്ള സ്‌കൂളിൽ പഠിക്കുന്ന മകന് അത്ഭുതം തോന്നിയതിൽ രാജീവന് പ്രേത്യേകതയൊന്നും തോന്നിയില്ല. പക്ഷെ രാജീവന് താൻ പഠിച്ച സ്കൂൾ വലിപ്പമേറിയതായിരുന്നു.

ആ ക്ലാസ്സ് മുറിയിൽ നിന്നായി രുന്നു നന്മയുടെയും സ്നേഹത്തിന്റെയും അറിവുകൾ പകർന്നുകിട്ടിയത്. ജിജ്ഞാസകൾ ഉണർന്നത്. പക്ഷേ രാജീവൻ അതൊന്നും മകനോട്

പറഞ്ഞില്ല. മകൻ സ്‌കൂളിന്റെയും പരിസരത്തിന്റെയും ചിത്രങ്ങൾ എടുത്തുകൊണ്ടിരുന്നു. ഭാര്യയും മകളും അത് ശ്രദ്ധിക്കാതെ പുറത്തെ കാഴ്ചകൾ കണ്ട് നിൽക്കുകയായിരുന്നു.

സ്കൂ‌ൾ മുറ്റത്തെ പഴയ കിണർ നഷ്ട്‌ടപ്പെട്ടതായി കാൺകെ രാജീവന്റെ മനസ്സ് ഒരു നിമിഷം അസ്വസ്ഥമായി. അപ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരിക്കുടിക്കുന്നതായി തോന്നുകയും അയാളുടെ മനസ്സിൽ കുളിർമ പരക്കുകയും ചെയ്തു. അങ്കണത്തിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന പുളിമരം പണ്ടത്തെപ്പോലെ അവിടെത്തന്നെ ഉണ്ടായിരുന്നു. ഇളം കാറ്റിൽ പുളിമരത്തിന്റെ ഇലകൾ, ഒരു സ്നേഹ സ്‌പർശ മായി അയാളിലേക്ക് കൊഴിഞ്ഞുവീണു. അതിയായ ആഹ്ളാദത്താൽ, രാജീവന്റെ മനസ്സ് നിറഞ്ഞു.

പെട്ടെന്ന് രാജീവൻ മകന്റെ കൈയ്യിൽ നിന്നും ക്യാമറ വാങ്ങി. തന്റെ മുന്നിൽ കാണുന്ന മുഖങ്ങൾ, കാഴ്‌ചകൾ ഒക്കെ ക്യാമറയിൽ പകർത്തുവാൻ തുടങ്ങി. ചങ്ങാതിമാരുടെ മുഖങ്ങളും, ക്ലാസ് മുറികളും അയാളുടെ ക്യാമറ ഒപ്പിയെടുത്തു.

കളിമുറ്റത്ത് കുട്ടികൾ തിമിർത്താടു ന്നതും, പദ്യഭാഗങ്ങൾ ഏലിയാമ്മ ടീച്ചർ പാടിപ്പഠിപ്പിക്കുന്നതും അയാൾ പകർത്തി. രാജീവന്റെ മാറ്റം ഭാര്യയും കുട്ടികളും അവിശ്വസനീയതയോടെ നോക്കി നിന്നു. അവരുടെ സാമീപ്യം മറന്ന് രാജീവൻ ആവേശത്തോടെ ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു.

പിന്നീട് കുറച്ചു സമയത്തിനുശേഷം, മനസ്സ് സ്വസ്ഥമായി, ബോധതലത്തിലേക്ക് തിരിച്ചെത്തുമ്പോൾ, രാജീവൻ, ഡിജിറ്റൽ ക്യാമറയിൽ, താനെടുത്ത ചിത്രങ്ങൾ ഓരോന്നായി നോക്കി. താൻ കണ്ട ചിത്രങ്ങ ളൊന്നും ക്യാമറയിൽ പതിഞ്ഞിട്ടില്ലെന്നയാൾ തിരിച്ചറിഞ്ഞു.

പക്ഷേ രാജീവന്റെ മനസ്സിൽ, ഒട്ടേറെ ചിത്രങ്ങൾ, ഒരു ചലച്ചിത്രത്തിലെന്നപ്പോലെ, നിറമാർന്ന് തെളിഞ്ഞുകൊണ്ടേയിരുന്നു. രാജീവനു മാത്രം കാണാൻ കഴിയുന്ന, ക്യാമറയിൽ പതിയാത്ത ചിത്രങ്ങൾ!

Comments

Leave a Reply

Your email address will not be published. Required fields are marked *