ഇന്ന് കർക്കിടക വാവ്.
എന്റെ ബാല്യകാലത്തു് കർക്കിടവാവ് ഇപ്പോഴുള്ള പ്രാധാന്യത്തോടെ, ആചരിച്ചിരുന്നതായി ഓർമ്മയിലില്ല.
കർക്കിടവാവിന് അമ്മഉണ്ടാക്കിയിരുന്ന ‘വാവട’ ഓർമ്മയിലുണ്ട്. തേങ്ങയും, ശർക്കരയും എലക്കയും ഉള്ളിൽ വെച്ച്ഉണ്ടാക്കുന്ന ‘അരിയട’ ആവിയിൽ പുഴുങ്ങുമ്പോൾ നല്ല മണം ഉണ്ടാകുമായിരുന്നു. 1979ൽ വല്യമ്മച്ചി (അച്ഛന്റെ അമ്മ) മരിച്ചിരുന്നു.
അച്ഛന് ഇത്തരം കാര്യങ്ങളിൽ വിശ്വാസം ഇല്ലായിരുന്നു. അച്ഛൻ ബലി ഇട്ടിരുന്നില്ല.
എന്നിട്ടും അച്ഛനും അമ്മയും മരിച്ചതിന് ശേഷം ഞാൻ 2006 മുതൽ 2017 വരെ തിരുവല്ലത്തോ , ശംഖുമുഖത്തോ പോയി ബലി ഇട്ടിരുന്നു.
2022ൽ ആലുവാപ്പുഴയുടെ തീരത്തുള്ള ശിവ ക്ഷേത്ര നടയിലും. പിന്നിട് വാവ് ദിനത്തിൽ വീട്ടിൽ തന്നെ പിതൃക്കളെ സ്മരിച്ചു് പ്രാർത്ഥന നടത്തും.
പുതിയ തലമുറ , അവരുടെ തിരക്ക് പിടിച്ച ജീവിത യാത്രയിൽ, ഇതിനൊക്കെ സമയം കണ്ടെത്തുക പ്രയോഗികമല്ല. അതിനാൽ ജീവിച്ചിരിക്കുമ്പോൾ, ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുക.
മരണാനന്തര ചടങ്ങുകൾ വളരെ ലഘൂകരിക്കണം മരിച്ചശേഷം ചെയ്യുന്ന ഏറ്റവും വല്യ ആദരവ് , മാതാപിതാക്കൾ പകർന്നു നൽകിയ,നല്ല ആശയങ്ങൾ, കഴിയുന്നത്ര പിന്തുടരുക എന്നതാണ്.
മാതാപിതാക്കൾ എന്നിൽ എപ്പോഴും, നിറയുന്നു… ഊർജ്ജം പകരുന്നു. അവരെ ഓർക്കാൻ പ്രതേക ദിവസം ആവശ്യമില്ല.
എന്നാൽ , നമ്മുടെ മനസ്സിൽ അടയാളപ്പെടുത്തികടന്നുപോയ,നമ്മുടെ കുടുംബത്തിലെ മറ്റ് സത്ജ്ജനങ്ങളെ ആദരവോടെ ഓർമ്മിക്കാൻ കർക്കിടവാവ് ഒരു അവസരമായിത്തീരുന്നു. അവരെക്കുറിച്ചുള്ള ഓർമ്മകളും നമ്മളെകൂടുതൽ ഊർജ്ജസ്വലരും കർമ്മനിരതരുമാക്കട്ടെ.
ചില അനുഷ്ഠാനങ്ങൾ അർത്ഥ ശൂന്യമാണെന്ന് തോന്നാറുണ്ട്. എങ്കിലും, ചിലത് വ്യക്തിപരമായി ഒരു മാനസിക സംതൃപ്തിയും നൽകാറുണ്ട്.
ആചാരങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യമായി ആസ്വദിക്കാം. അവ നൽകുന്ന നന്മയുടെ ആശയങ്ങൾ മാത്രം സ്വീകരിക്കാം.
മുൻ തലമുറയുടെ നല്ല ആശയങ്ങളും പിൻതുടരാം . ഒപ്പം ആവശ്യമായ തിരുത്തലുകളും, നവീകരണങ്ങളും വരുത്തുക.
മാമൂലുകളിലും, ആചാരങ്ങളിലും അമിതമായി കടിച്ചു തൂങ്ങേണ്ടതില്ല.
നമുക്ക് “ആവത് ആചാരം”….വ്യക്തി എന്ന നിലയിൽ— നമ്മളോടും, കുടുംബത്തോടും, സമൂഹത്തോടും -പുലർത്തുന്ന ഉത്തരവാദിത്തവും പ്രതിബദ്ധതയും ആണ് ഏറ്റവും നല്ല ആചാരാനുഷ്ഠാനം.
വാർഷികാഘോഷങ്ങൾ കടന്നുപോകുന്ന കാലത്തെ പ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്.
‘വാവട’ യുടെ മണവും രുചിയും നമ്മുടെ മനസ്സിൽ മാറാതെനിൽക്കട്ടെ..ഒപ്പം പൂർവ്വികരുടെ നന്മയുടെ മണവും, രുചിയും .
നമ്മളിൽ നിറഞ്ഞ് ഉണർവ്വും ഉന്മേഷവുമാകട്ടെ…

Leave a Reply